Breaking
Mon. May 25th, 2026

‘വിവാഹ സമ്മാനമായി വധുവിന് 100 കിലോ അരിയും ആട്ടിന്‍കുട്ടിയും’; സ്ത്രീധനത്തെ പൊളിച്ചെഴുതുന്ന അഞ്ചുനാട്ടുകാര്‍

തൊടുപുഴ: സ്ത്രീധനം എന്ന സമ്പ്രദായം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ മുന്നിലുള്ള കേരളത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന ഒരു പ്രദേശമുണ്ട്. കേരളത്തില്‍ ഇടുക്കിയുടെ മലയോര പ്രദേശത്തും തമിഴ്‌നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു ചെറിയ സമൂഹം. അഞ്ചുനാട്, എന്നറിയപ്പെടുന്ന മറയൂര്‍, കരയൂര്‍, കീഴന്തൂര്‍, കാന്തല്ലൂര്‍, ഇപ്പോള്‍ തമിഴ്നാട്ടില്‍ കോട്ടഗുഡി പ്രദേശങ്ങളില്‍ വസിച്ചുവരുന്ന വെള്ളാളര്‍ സമൂഹമാണ് ഇത്തരം ഒരു രീതി തുടര്‍ന്നു വരുന്നത്.

വെള്ളാളര്‍ വിഭാഗങ്ങള്‍ക്കിടയില്‍ വരനാണ് വധുവിന്റെ കുടുംബത്തിന് വിലപിടിപ്പുള്ള വസ്തുക്കള്‍ നല്‍കുന്നത് – മകളെ വിവാഹം കഴിക്കാന്‍ സമ്മതിച്ചതിനുള്ള ബഹുമാനത്തിന്റെയും നന്ദിയുടെയും അടയാളമാണ് ഈ സമ്മാനങ്ങള്‍. വിവാഹ ചടങ്ങിന്റെ ഭാഗമായി, വധുവിന് ഒരു ആട്ടിന്‍കുട്ടിയെയും കുടുംബത്തിന് ഒരു ചാലക (പരമ്പരാഗത തമിഴ് അളവുകോല്‍) അരിയും നല്‍കുന്നു. ഏകദേശം 100 കിലോഗ്രാം അരിക്ക് തുല്യമാണ് ഒരു ചാലക. തങ്ങളുടെ ജീവിത രീതിയുടെയും വിശ്വാസങ്ങളുടെയും പ്രതീകമാണ് ഈ സമ്മാനങ്ങളെന്ന് കീഴന്തൂരില്‍ നിന്നുള്ള മുതിര്‍ന്ന സമുദായ അംഗം ഗുണശേഖരന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ‘അരി ഉപജീവനത്തെയും ഭക്ഷ്യ സുരക്ഷയുടെയും പ്രതീകമാണ്. കുടുംബത്തിന്റെ അടിത്തറയാണ് സ്ത്രീ. അവരെ ഒരിക്കലും ഒരു ഭാരമായി കാണില്ല എന്ന ഉറപ്പും അവളുടെ അന്തസ്സും ക്ഷേമവും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കൂടിയാണ് ഇതിലൂടെ ഏറ്റെടുക്കുന്നത്. സമ്മാനമായി നല്‍കുന്ന ആട്ടിന്‍കുട്ടി മറ്റൊരു ജീവിതത്തിന്റെ വാഗ്ദാനമാണെന്നും ഗുണശേഖരന്‍ പറയുന്നു.

വിവാഹ രീതിയിയിലെ ഈ മാറ്റം മേഖലയില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനങ്ങളും ദാമ്പത്യ തര്‍ക്കങ്ങളും തടയാന്‍ സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഇതൊരു വിപരീത സ്ത്രീധനമല്ല, സ്ത്രീധന സമ്പ്രദായം ഇവിടെയില്ല. ‘തങ്ങളുടെ കുട്ടികള്‍ക്ക് എന്തെങ്കിലും നല്‍കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ അത് സ്വമേധയാ ചെയ്യുന്നു, ഒരു ആവശ്യത്തിന്റെയും അടിസ്ഥാനത്തിലല്ലെന്നും പ്രദേശവാസിയായ ശിവകുമാറും വ്യക്തമാക്കുന്നു.

അതേസമയം, വിവാഹ രീതിയില്‍ വെള്ളാളര്‍ തുടര്‍ന്നുവന്നിരുന്ന രീതിയില്‍ നിലവില്‍ ചില കാലാനുസൃതയമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതുതലമുറ പ്രദേശത്തിന് പുറത്തേക്ക് തൊഴിലും വിദ്യാഭ്യാസവും തേടി പോകാന്‍ തുടങ്ങിയതോടെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ കൂടുതല്‍ സാധാരണമായി. സമൂഹത്തിലെ സ്ത്രീകളുടെ കുറവ് വനിരവധി പുരുഷന്മാര്‍ അവിവാഹിതരായി തുടരുന്നതിനും കാരണമായി. നിലവിലെ സാഹചര്യത്തില്‍ കീഴന്തൂരില്‍ ഇപ്പോള്‍ വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ അനുവദനീയമാണ്. എന്നിരുന്നാലും, അഞ്ചുനാട്ടില്‍ ഇന്നും പരമ്പരാഗത വിവാഹ ആചാരങ്ങള്‍ ശക്തമായി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *