Breaking
Sat. Nov 7th, 2026

ദില്ലി സമരത്തിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ, നടപടി നേരിട്ടവരിൽ മന്ത്രി പുത്രനും

2026 നവംബർ 7 ശനി

ഹാവേരി: കോൺഗ്രസിന്റെ ദില്ലി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകത്തിലെ നേതാക്കൾക്കെതിരെ നടപടി. യൂത്ത് കോൺഗ്രസ് ഹാവേരി ജില്ലാ പ്രസിഡൻ്റ് ദർശൻ കുമാർ ലമാണി അടക്കം ആറു നേതാക്കളെ സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. പരിപാടിയിൽ പങ്കെടുക്കാതിരുന്നത് നേതൃത്വം ഗൗരവമായി കാണുന്നതായും അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഡ് ചെയ്തതായും സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞു.

സസ്പെൻഡ് ചെയ്യപ്പെട്ട ഹാവേരി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദർശൻ കുമാർ ലമാണി മന്ത്രി പുത്രനാണ്. കർണാടക ഷുഗർ, ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി രുദ്രപ്പ ലമാണിയുടെ മകനാണ് ദർശൻ. ഇയാൾക്ക് പുറമേ, ഉത്തര കന്നഡ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യ സിർസിക്കർ, യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ അസീസ്, സൂരജ് അവാതി, പവൻ സാലിയാൻ, അഭിഷേക് സി എന്നിവരാണ് സസ്പെൻഷൻ നേരിട്ടത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ നിർദേശപ്രകാരമാണ് നടപടി.

ദില്ലിയിലെ രാംലീല മൈതാനിയിൽ നവംബർ ഒന്നിന് നടന്ന ഇന്ത്യ സഖ്യ റാലിയിൽ പങ്കെടുക്കാതിരുന്നതിന് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കൾക്കെതിരെ കോൺഗ്രസ് നടപടിയെടുത്തിരുന്നു. മധ്യപ്രദേശിലെ 60 ഓളം യൂത്ത് കോൺഗ്രസ് നേതാക്കളെ ആണ് പാർട്ടി സസ്പെൻഡ് ചെയ്തത്. കൂടാതെ, ഗുജറാത്തിലെ 49 നേതാക്കൾക്കെതിരെയും രാജസ്ഥാനിലെ 31 നേതാക്കൾക്കെതിരെയും ഹിമാചൽ പ്രദേശിലെ 13 നേതാക്കൾക്കെതിരെയും ഹരിയാനയിലെ പത്ത് നേതാക്കൾക്കെതിരെയും യൂത്ത് കോൺഗ്രസ് നടപടിയെടുത്തിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *