Breaking
Wed. Oct 28th, 2026

ചേരാനല്ലൂർ വാഹനാപകടം: 3 മണിക്കൂർ ജഡ്ജിയെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്, നാളെയും ഹാജരാകണം

അപകടത്തിൽപെട്ട സ്കൂട്ടർ, അപകടമുണ്ടാക്കിയ കാർ, ജയബാലകൃഷ്ണൻ. (ചിത്രം: മനോരമ)

2026 ഒക്ടോബർ 28 ബുധൻ

കൊച്ചി∙ ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ 17 കാരൻ അമിതവേഗതയിൽ കാറോടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ പിതാവായ അഡീ. ജില്ലാ ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം. കൊച്ചിയിലെ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടു. അതിനൊപ്പം ആലുവ കമ്പനിപ്പടിയിലുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തി. പുലർച്ചെ 3.30 വരെ നീണ്ട പരിശോധനകൾക്കു പിന്നാലെയായിരുന്നു വീണ്ടും പരിശോധന. അതിനിടെ, 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് അപ്പീലിൽ‌ മറുപടി സമർപ്പിക്കാൻ പ്രതിഭാഗത്തിനു കോടതി നിർദേശം നൽകി. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാനും കോടതി തീരുമാനിച്ചു.

നാളെ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാൻ ജഡ്ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താൻ അറിയാതെയാണു മകൻ പുലർച്ചെ ബെൻസ് കാറുമെടുത്ത് ഇറങ്ങിയതെന്നായിരുന്നു ജഡ്ജി മൊഴി നൽകിയിരുന്നത്. ഇരിങ്ങാലക്കുട മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ അഡീ. ജില്ലാ ജഡ്ജിയായ ഇദ്ദേഹത്തിനെതിരെ പ്രായപൂർത്തിയാകാത്തയാൾക്കു വാഹനം നൽകിയതിന് മോട്ടർ വാഹന നിയമത്തിലെ 199 എ(2) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മൂന്നു വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇന്നലെ ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോൾ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഇതിനായാണ് ഇന്ന് പൊലീസ് ക്ലബിലേക്കു വിളിച്ചു വരുത്തി മൊഴിയെടുക്കുന്നത് എന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പ്രത്യേക നിർദേശപ്രകാരം കഴിഞ്ഞ ദിവസം ആലുവ കമ്പനിപ്പടിയിലുള്ള ജഡ്ജിയുടെ ഫ്ലാറ്റിലെത്തി ക്രൈംബ്രാഞ്ച് സംഘം ആറര മണിക്കൂറിലധികം നീണ്ട പരിശോധന നടത്തിയിരുന്നു.

ഈ പരിശോധനയിൽ ഫ്ലാറ്റിൽനിന്ന് ഒരു ആഡംബര ഇരുചക്രവാഹനവും സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി 17 കാരന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത നിലയിലാണ്. അപകടത്തിനു തൊട്ടുമുമ്പ് കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്ന എട്ട് സെക്കൻഡ് ദൈർഘ്യമുള്ള നിർണായക വിഡിയോ പ്രതിയുടെ ഫോണിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആർസി റദ്ദാക്കാനും പ്രതിക്ക് 25 വയസ് വരെ ലൈസൻസ് നൽകുന്നത് വിലക്കാനും മോട്ടർ വാഹന വകുപ്പ് നടപടി തുടങ്ങി. കേസിൽ വീഴ്ച വരുത്തിയ ചേരാനല്ലൂർ സിഐ അടക്കം നാല് പൊലീസുകാരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപ്പീലിൽ കക്ഷി ചേരാൻ കുടുംബവും അപേക്ഷ നൽകിയിട്ടുണ്ട്.

തങ്ങൾക്ക് കേസില്‍ കക്ഷി ചേരാൻ കഴിയുമോ എന്ന കാര്യമാണ് കോടതി പരിശോധിക്കുന്നതെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ പറഞ്ഞു. നിയമപ്രകാരം ഇക്കാര്യം സാധ്യമാണെന്ന് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, 1.26 ന് എടുത്തുകൊണ്ടു പോയ വാഹനവുമായി 2.20 ന് പ്രതി അപകടം ഉണ്ടാക്കിയത് വീട്ടുകാർ അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. ഇതിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ അവർ അറിഞ്ഞുകൊണ്ട് കള്ളം പറയുകയാണ്. ലൈസൻസില്ലാത്ത 17 കാരൻ മുമ്പും അതിവേഗത്തിൽ വാഹനമോടിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു എന്നാണ് അറിഞ്ഞത്. അത് ഇപ്പോൾ നീക്കം ചെയ്ത നിലയിലാണ് എന്നും ജയബാലകൃഷ്ണന്റെ കുടുംബം വാദിച്ചു. തുടർന്നാണ് പ്രതിഭാഗത്തിന്റെ മറുപടി സമർപ്പിക്കാനും കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനുമായി കേസ് ഈ മാസം 30 ലേക്ക് മാറ്റിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *