2026 ഒക്ടോബർ 26 തിങ്കൾ
തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടിൽ ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ് അയച്ച് ക്രൈബ്രാഞ്ച്. ബുധനാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് നിർദേശം.
അതേസമയം, പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ഗവർണറുടെ ശിപാർശയിൽ ഉടനടി നടപടികളൊന്നും വേണ്ടെന്നാണ് പിഎസ്സിയുടെ തീരുമാനം. ഇക്കാര്യത്തിൽ തുടർനടപടികൾ പിന്നീട് തീരുമാനിക്കാമെന്നും, രാഷ്ട്രപതി സ്വീകരിക്കുന്ന നിലപാട് അറിഞ്ഞതിന് ശേഷം മാത്രം ചർച്ച മതിയെന്നുമാണ് കമ്മിഷന്റെ തീരുമാനം. ഗവർണർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയുടെ വിശദാംശങ്ങളോ രേഖകളോ പിഎസ്സിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഒരു തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. ഗവർണറുടെ നടപടി നിയമപരമായി നിലനിൽക്കുമോ എന്ന കാര്യത്തിൽ നിയമവിദഗ്ധർക്കിടയിലും സർക്കാരിനകത്തും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കര്‍ രാഷ്ട്രപതിക്ക് ശിപാർശ അയച്ചിരിക്കുകയാണ്. ചെയർമാൻ എം.ആർ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്നാണ് കത്തിലെ ആവശ്യം. പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകളെത്തുടർന്ന് ഉയർന്നുവന്ന വിവാദങ്ങളും പരാതികളും പരിഗണിച്ചാണ് ഗവർണറുടെ നീക്കം. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച് രാഷ്ട്രപതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.
പിഎസ്സിക്കെതിരെ നിരന്തരം പരാതികൾ ലഭിക്കുന്നതായി മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചു. ഡിജിപിക്ക് മാത്രം 180 പരാതികൾ ലഭിച്ചെന്നും ക്രമക്കേടുകളിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
