Breaking
Mon. Oct 26th, 2026

വയനാട്ടുകാർ മലീമസ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുന്നു: മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ

വെള്ളിയാഴ്ച(30-ാം തീയതി) ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

കൽപ്പറ്റ: വയനാട്ടുകാർ മലീമസ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുകയാണെന്നും, ജില്ലയ്ക്ക് അടിയന്തര പ്രാധാന്യമുള്ള മെഡിക്കൽ കോളേജിന്റെ പുനഃസ്ഥാപനത്തിനും നാടിന്റെ വികസനത്തിനും തടസ്സമാകുന്നത് നിലപാടുകളും മൂല്യങ്ങളും നഷ്ടപ്പെട്ട ജനപ്രതിനിധികളും അവരെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവുമാണെന്നും വയനാട് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ഇടതു-വലതു രാഷ്ട്രീയ പാർട്ടികൾ നിലനിൽപ്പിനായി രാഷ്ട്രീയ അടിമകളെ വളർത്തുകയും നാടിനും ജനങ്ങൾക്കും തണലാകേണ്ട പുത്തൻ തലമുറയെ വഴിതെറ്റിക്കുകയുമാണ്. കഴിവും പ്രാപ്തിയും ലക്ഷ്യബോധവുമുള്ള രാഷ്ട്രീയ നേതാക്കളുടെ അഭാവം നിമിത്തം മറ്റ് ദിക്കുകളിൽ നിന്നും വരുന്ന നേതാക്കളുടെ ചേക്കേറൽ മേഖലയായി വയനാട് മാറുകയാണ് പതിവ്. അവർക്ക് വയനാട് അന്യവുമാണ്.

ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരാരും കേന്ദ്രസർക്കാർ അംഗീകരിച്ച അവികസിത ജില്ല (ആസ്പിറേഷണൽ പദ്ധതി) എന്ന പരിഗണന പോലും മറന്നുപോകുന്നു. കൽപ്പറ്റ മടക്കിമലയിൽ വയനാട് മെഡിക്കൽ കോളേജിനായി ചന്ദ്രപ്രഭ ട്രസ്റ്റ് സർക്കാരിന് ദാനമായി നൽകിയ 54 ഏക്കർ ഭൂമിയെക്കുറിച്ചോ അതിന്റെ ധനപരമായ മൂല്യത്തെക്കുറിച്ചോ ജനകീയ സൗകര്യത്തെക്കുറിച്ചോ ആരും ഒന്നും മിണ്ടുന്നില്ല. എൽ.ഡി.എഫ് സർക്കാർ മടക്കിമലയിൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്ന് കള്ളപ്രചാരണം നടത്തി മെഡിക്കൽ കോളേജ് മാനന്തവാടിയിലേക്ക് അട്ടിമറിക്കുകയും, നിലവിലെ സ്വകാര്യ മെഡിക്കൽ കോളേജിന്റെ സ്ഥലം അതിതീവ്ര പാരിസ്ഥിതിക മേഖലയാണെന്ന വസ്തുത നിയമത്തെ മറികടന്ന് ഇരുട്ടിലാക്കുകയും ചെയ്തു.

സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം (എസ്.എച്ച്.ആർ.പി.സി) ലോകായുക്തയിൽ തുടരുന്ന കേസിൽ, മടക്കിമലയിൽ ട്രസ്റ്റ് സൗജന്യമായി നൽകിയ 54 ഏക്കർ ഭൂമിയിൽ എന്തുകൊണ്ട് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നില്ല എന്ന് ജഡ്ജി ഗവൺമെന്റ് പ്ലീഡറോട് ചോദിച്ചപ്പോൾ പ്രസ്തുത സ്ഥലത്ത് പാരിസ്ഥിതിക പ്രശ്നം നിലനിൽക്കുന്നു എന്ന റിപ്പോർട്ടാണ് നൽകിയത്. വയനാട് ജില്ലാ കളക്ടർ മറിച്ചുള്ള റിപ്പോർട്ടാണ് നൽകിയതെങ്കിലും ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് മുഖവിലയ്ക്കെടുക്കാൻ നിയമപരമായ വിലക്കുകളുണ്ടെന്നാണ് വ്യക്തമാക്കപ്പെട്ടത്. സ്വകാര്യ വ്യക്തികളുടെ താല്പര്യ സംരക്ഷണത്തിനായി എൽ.ഡി.എഫ് സർക്കാർ പ്രചരിപ്പിച്ച അതേ തടസ്സവാദവും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുമാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാരിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും അറിവോടെ ലോകായുക്തയിൽ നൽകിയിരിക്കുന്നത്.

നിലപാടില്ലാത്ത, അധികാരം മാത്രം ലക്ഷ്യം വെക്കുന്ന വയനാട്ടിലെ ജനപ്രതിനിധികൾ ഇതിന്റെ വസ്തുതകൾ വെളിപ്പെടുത്താൻ ഇന്നേവരെ തയ്യാറാകാതിരുന്നതിൽ പ്രതിഷേധിച്ചും, ‘മടക്കിമല ജനവഞ്ചനയുടെ ദിനങ്ങൾ’ എന്ന സന്ദേശം വയനാട്ടിലെ ഗ്രാമാന്തരങ്ങളിൽ എത്തിച്ചുകൊണ്ടും വരുന്ന 30-ാം തീയതി വെള്ളിയാഴ്ച രാവിലെ സുൽത്താൻ ബത്തേരി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ യോഗം തീരുമാനിച്ചു. മാർച്ചും ധർണ്ണയും കുന്നത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്യും.

കൽപ്പറ്റ എം.ജി.ടി ഹാളിൽ ചേർന്ന അടിയന്തര യോഗത്തിൽ SHRPC ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. ഹൈദ്രു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ് തുടർ സമരപരിപാടികളെക്കുറിച്ച് വിവരിച്ചു. ചെയർമാൻ ഡോ. എം. ബാലകൃഷ്ണൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വർഗീസ് വട്ടേക്കാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കുന്നത്ത് അഷ്റഫ്, യു.എ. അബ്ദുൾ മനാഫ്, എം.കെ. ഷിബു, കെ.എം. സൈതലവി, ശശി ചീരാൽ, എച്ച്. സുജാത, ബിജു പൂളക്കര, വിവരാവകാശ പ്രവർത്തകനായ എൻ. യാസിൻ ഒമർ, രാമചന്ദ്രൻ പി., പി.കെ. ബാലൻ കോട്ടത്തറ, സുബ്രഹ്മണ്യൻ കെ.വി., പി.പി. വാസുദേവൻ, ജോൺ മുണ്ടേരി എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *