Breaking
Mon. Oct 26th, 2026

യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തി, മിൽമയിലും പിഎസ്‍സിയുടെ വിചിത്ര നിയമന നീക്കം; ഉദ്യോഗാർഥിയുടെ നിയമനം മിൽമ തടഞ്ഞു, സർക്കാരിനോടടക്കം നിലപാട് തേടി

2026 ഒക്ടോബർ 26 തിങ്കൾ

തിരുവനന്തപുരം: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് പി എസ് സിയിൽ വീണ്ടും ദുരൂഹതയും വിചിത്രമായ നടപടികളും. ഡയറി മൈക്രോബയോളജി യോഗ്യത ആവശ്യമുള്ള ഉന്നത തസ്തികയിലേക്ക് വെറും മൈക്രോബയോളജി മാത്രം യോഗ്യതയാക്കി മാറ്റിയാണ് പി എസ് സി പരീക്ഷ നടത്തിയത്. 2024 ൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 2026 സെപ്റ്റംബറിൽ ഒരു ഉദ്യോഗാർത്ഥിക്ക് നിയമന ഉത്തരവും നൽകി. എന്നാൽ, ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ ഉദ്യോഗാർത്ഥിയെ മിൽമ അധികൃതർ തടഞ്ഞു. ഡയറി മൈക്രോബയോളജി യോഗ്യതയില്ലാത്ത ഒരാളെ ഇത്രയും ഉന്നത തസ്തികയിൽ നിയമിക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് മിൽമ. നിശ്ചിത യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തി നിയമന ഉത്തരവ് നൽകിയ പി എസ് സിയുടെ അസാധാരണ നടപടിയെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ സർക്കാരിനോടും പി എസ് സിയോടും മിൽമ ഔദ്യോഗികമായി നിലപാട് തേടിയിട്ടുണ്ട്.

പരീക്ഷാ ക്രമക്കേട്: 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്യും

അതേസമയം സംസ്ഥാനത്തെ പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി വിഷയം കടുപ്പിച്ചതോടെ അന്വേഷണത്തോട് സഹകരിക്കാനാണ് പി എസ് സിയുടെ തീരുമാനം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും പൂർണ്ണമായി സഹകരിക്കാനും പി എസ് സിഅംഗങ്ങൾ തയ്യാറായേക്കുമെന്നാണ് വിവരം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ പ്രമുഖ പി എസ് സി കോച്ചിംഗ് സെന്റർ തയ്യാറാക്കിയ ചോദ്യങ്ങൾ അതേപടി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ ഉൾപ്പെട്ടവരെല്ലാം ഫിഷറീസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ്. ചോദ്യപേപ്പർ തയ്യാറാക്കിയതും ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവ്വകലാശാലയിലെ അധ്യാപകരാണെന്നും, എസ് എഫ് ഐ പ്രവർത്തകർക്കും യൂണിയൻ നേതാക്കൾക്കുമായി ക്രമക്കേട് നടത്തിയെന്നും മറ്റ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലാതിരുന്നിട്ടും പി എസ് സിയിലെ ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അനധികൃതമായി നിയമനം നൽകിയെന്ന ഗുരുതരമായ വിവരവും പുറത്തുവന്നിട്ടുണ്ട്. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകളെ തുടർന്ന് അന്വേഷണവുമായി സഹകരിക്കാൻ പി എസ് സി സന്നദ്ധത പ്രകടിപ്പിച്ചതോടെ ക്രമക്കേടിൽ ഉൾപ്പെട്ട ഉന്നതർ വലയിലാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *