2026 ഒക്ടോബർ 23 വെള്ളി
മലപ്പുറം: ബോർഡ്, കോർപ്പറേഷൻ അധ്യക്ഷസ്ഥാനത്തേക്കുള്ള മുസ്ലിം ലീഗ് പ്രതിനിധികളുടെ പട്ടികയായി. മിക്ക സംസ്ഥാന ഭാരവാഹികൾക്കും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്കും അധ്യക്ഷക്കസേര കിട്ടും. ജില്ലാ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്. പോഷക സംഘടനകളുടെ ചില ഭാരവാഹികൾക്കൊപ്പം പദവികളില്ലാത്ത പ്രധാനപ്പെട്ട നേതാക്കളെയും ഉൾപ്പെടുത്തിയതായാണ് വിവരം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന അധ്യക്ഷസ്ഥാനങ്ങൾ ഇത്തവണയും ലീഗിന് അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം 35 -ലധികം ചെയർപേഴ്സൺ സ്ഥാനങ്ങളാണ് കിട്ടുക. യു.ഡി.എഫ്. വിട്ട പാർട്ടികൾക്ക് നൽകിയിരുന്ന സ്ഥാനങ്ങളുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് യു.ഡി.എഫിലെ ധാരണ.
സർക്കാർ ഉത്തരവിറങ്ങുന്നതോടെ അടുത്തയാഴ്ച മുതൽ ലീഗ് പ്രതിനിധികൾക്ക് നിയമനംനൽകും. സ്ഥാനാർഥി പ്രഖ്യാപനംപോലെ ബോർഡ്, കോർപ്പറേഷൻ ചെയർപേഴ്സൺമാരെ പ്രഖ്യാപിക്കില്ല. പട്ടികയും പുറത്തിറക്കാൻ സാധ്യതയില്ല. പകരം, നിയമനം കിട്ടിയവരോട് ഓഫീസിലെത്തി ചുമതലയേൽക്കാൻ നിർദേശിക്കുകയാവും ചെയ്യുക. അധ്യക്ഷസ്ഥാനം ഇല്ലാത്തവരെ വിവിധ കമ്മിഷനുകളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഡയറക്ടർബോർഡിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി ഡോ. എം.കെ. മുനീർ നിയമിതനായിട്ടുണ്ട്. യൂത്ത്ലീഗ്, വനിതാലീഗ് തുടങ്ങിയ പോഷക സംഘടനകൾക്ക് ന്യായമായ പരിഗണനയുണ്ടാകുമെന്നാണ് സൂചന.
