കൽപ്പറ്റ: വയനാട്ടിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് ജില്ലക്കകത്തും പുറത്തേക്കുമുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള സൗജന്യയാത്രാ പദ്ധതികളിലൂടെ പൊതുഗതാഗതത്തെ കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് അധിക ബസുകൾ അനുവദിക്കേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് വയനാട്ടിലേക്കുള്ള ബസുകളിലെ രൂക്ഷമായ തിരക്ക് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. തിരക്കുമൂലം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ബസിൽ കയറാനാകാതെ അടുത്ത സർവീസിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. വയോധികരും ഇതുമൂലം ഏറെ പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യം പരിഹരിക്കുന്നതിന് കോഴിക്കോട്–മാനന്തവാടി റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണം.
ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം ബസുകൾ വൈകിയെത്തുന്നത് കൽപ്പറ്റയിൽനിന്ന് മാനന്തവാടി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരുടെ ദുരിതം ഇരട്ടിയാക്കുന്നു. വൈകുന്നേരങ്ങളിൽ കൽപ്പറ്റയിൽനിന്ന് മാനന്തവാടി ഭാഗത്തേക്ക് പോകേണ്ടവർക്ക് ബസിനായി ദീർഘനേരം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ വൈകുന്നേരം മുതൽ കൽപ്പറ്റ–മാനന്തവാടി റൂട്ടിൽ കൂടുതൽ സർവീസുകൾ അനുവദിക്കണം.
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്ന് വയനാട്ടിലേക്കും തിരിച്ചുമുള്ള സർവീസുകൾ വർധിപ്പിക്കുന്നതിനൊപ്പം തലശ്ശേരി, ഇരിട്ടി, കുറ്റ്യാടി വഴിയുള്ള സർവീസുകളും മൈസൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അന്തർസംസ്ഥാന സർവീസുകളും വർധിപ്പിക്കണം. കോവിഡ് കാലത്ത് ജില്ലയിലെ മൂന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് നിർത്തിവെച്ച ഗ്രാമീണ സ്റ്റേ സർവീസുകൾ പുനരാരംഭിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യാത്രക്കാരുടെ ദുരിതം പരിഹരിക്കുന്നതിന് അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
