2026 ഒക്ടോബർ 22 വ്യാഴം
തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിനിന്റെ എൻജിൻ ട്രാക്കിൽ നിന്ന് തെന്നിമാറി. ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസ് കടന്നുപോകുന്നതിനിടെയാണ് അപകടം. ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പാറശ്ശാല ഇലങ്കം ക്ഷേത്രത്തിന് സമീപമാണ് സംഭവം. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴ തുടരുകയായിരുന്നു. മഴയെത്തുടർന്ന് ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ തിരുവനന്തപുരം – നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. ട്രാക്കിലെ മണ്ണ് നീക്കം ചെയ്യാനും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ റെയിൽവേ ജീവനക്കാരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ തുടരുകയാണ്.
അപകടത്തിൽപ്പെട്ട ബിലാസ്പൂർ തിരുനെൽവേലി എക്സ്പ്രസ് ഇന്ന് സർവീസ് നടത്തില്ല. യാത്രക്കാർക്ക് റെയിൽവേ ബസ് സംവിധാനമൊരുക്കും. ആറ് ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പരശുറാം എക്സ്പ്രസ് മൂന്ന് മണിക്കൂർ 15 മിനിറ്റ് വൈകിയോടും. 56306, തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ 56309, നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ 56102, നാഗർകോവിൽ ജംഗ്ഷൻ – കൊല്ലം പാസഞ്ചർ 56101, കൊല്ലം ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ 56305, നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ 56310, തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ
