Breaking
Tue. Oct 20th, 2026

‘ഏപ്രിൽ മാസം ഒട്ടകം ഗർഭം ധരിക്കില്ല!’ ഇത് ശതകോടികളുടെ രഹസ്യം, ചുരുളഴിച്ച് മലയാളി ശാസ്ത്രജ്ഞൻ; ഗൾഫിൽ തരംഗമായി ഗവേഷണം

2026 ഒക്ടോബർ 20 ചൊവ്വ

ദുബായ്∙ ലോകത്തെങ്ങുമുള്ള മൃഗസംരക്ഷണ-ഗവേഷണ കേന്ദ്രങ്ങളെ ആകെ കുഴക്കിയിരുന്ന വലിയൊരു ശാസ്ത്രീയ രഹസ്യത്തിന്റെ ചുരുളഴിച്ച് ഒരു മലയാളി ശാസ്ത്രജ്ഞൻ. അറേബ്യൻ മരുഭൂമിയിലെ വിലമതിക്കാനാവാത്ത സൗന്ദര്യവും അഭിമാനവുമായ, ശതകോടികൾ മൂല്യമുള്ള റേസിങ്, ഡയറി ഒട്ടകങ്ങളുടെ ക്ലോണിങ് പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കുന്ന ഒരു അപൂർവ കണ്ടെത്തലുമായി ലോക ശ്രദ്ധ നേടുകയാണ് ഈ ശാസ്ത്രജ്ഞൻ. ഒട്ടകങ്ങളുടെ ക്ലോണിങ് വിജയശതമാനം ഗണ്യമായി വർധിപ്പിക്കുന്നതിനായി എട്ടു വർഷത്തെ സമഗ്രവും ക്ലേശകരവുമായ വിവരശേഖരണത്തിലൂടെയും ഗവേഷണത്തിലൂടെയും അദ്ദേഹം തയാറാക്കിയ പുതിയ ഒപ്റ്റിമൈസേഷൻ മാതൃക ആഗോളതലത്തിൽ പ്രശസ്തമായ സയന്റിഫിക് ജേണലിൽ പ്രസിദ്ധീകരിച്ചു. ദുബായ് റീപ്രൊഡക്റ്റീവ് ബയോടെക്നോളജി സെന്ററിലെ എംഒഇടി വിഭാഗം തലവനും കോട്ടയം അരുവിത്തുറ സ്വദേശിയുമായ ഡോ. ബിനോയ് സെബാസ്റ്റ്യൻ വെട്ടിക്കലാണ് യുഎഇക്കും ജന്മനാടായ കേരളത്തിനും ഒരുപോലെ അഭിമാനമായി മാറിയ ഈ ചരിത്രനേട്ടം ലോകത്തിന് സമർപ്പിച്ചിരിക്കുന്നത്. ∙ കോടികളുടെ ലാഭം; ‘ഏപ്രിൽ വാൾ’ പ്രതിഭാസത്തിന്റെ രഹസ്യം

വളരെ ഉയർന്ന സാമ്പത്തിക-സാംസ്കാരിക മൂല്യമുള്ള റേസിങ്, ഡയറി ഒട്ടകങ്ങളെ അത്യാധുനിക സാങ്കേതിക പ്രക്രിയകളിലൂടെ വിജയകരമായി ഉൽപാദിപ്പിക്കുമ്പോൾ ലബോറട്ടറികൾ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി വിലപ്പെട്ട ഭ്രൂണങ്ങൾ നഷ്ടപ്പെടുന്നതായിരുന്നു. എന്നാൽ പുതിയ ഗവേഷണത്തോടെ അത്യാധുനിക ക്ലോണിങ് ലാബുകളുടെ സമയവും കോടിക്കണക്കിന് രൂപയും ലാഭിക്കുന്നതിനും, ആവശ്യമായ തിരുത്തൽ നടപടികൾ കൂടുതൽ കൃത്യതയോടെ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനും വഴിതുറന്നു. കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഒട്ടകങ്ങളുടെ ഉൽപാദന പ്രക്രിയയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് കൃത്യമായി കണ്ടെത്താൻ ഈ മാതൃകയ്ക്ക് സാധിച്ചു. ഒട്ടകങ്ങളിൽ ഹോർമോൺ ഉത്തേജനത്തിന് ശേഷം ശേഖരിക്കുന്ന അണ്ഡങ്ങളുടെ ഗുണനിലവാരം മഞ്ഞുകാലത്ത് ഉടനീളം ഒരേപോലെ നിലനിൽക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ ഈ സാങ്കേതികവിദ്യയിലൂടെ നിർമിക്കുന്ന മികച്ച ഭ്രൂണങ്ങൾ ഏപ്രിൽ മാസത്തിൽ നിക്ഷേപിക്കുമ്പോൾ ഗർഭധാരണ നിരക്ക് വൻതോതിൽ താഴുന്നതായി അദ്ദേഹം കണ്ടെത്തി. കടുത്ത ചൂട് കാരണം ഭ്രൂണം സ്വീകരിക്കുന്ന ഒട്ടകങ്ങളുടെ ശരീരത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഈ ഗർഭമലസലിന് പ്രധാന കാരണം. അണ്ഡത്തിന്റെയോ ഭ്രൂണത്തിന്റെയോ തകരാറല്ല, മറിച്ച് കഠിനമായ ചൂടുകൂടുന്ന കാലാവസ്ഥയാണ് ഇതിന് പിന്നിലെന്ന് തെളിയിക്കുന്ന ഈ പ്രതിഭാസത്തെയാണ് ‘ഏപ്രിൽ വാൾ’ എന്ന് ഡോ. ബിനോയ് വിശേഷിപ്പിച്ചത്.

കൂടാതെ, ഒട്ടകങ്ങളിൽ ഹോർമോൺ ഉത്തേജനം നൽകിയ ശേഷം അണ്ഡാശയത്തിൽ നിന്നും അണ്ഡം പുറത്തെടുക്കുന്ന പ്രക്രിയയിലൂടെ ഏറ്റവും കൂടുതൽ മികച്ച അണ്ഡങ്ങൾ ലഭിക്കുന്നത് ഫെബ്രുവരിയിലാണെന്നും എട്ടു വർഷത്തെ ഡാറ്റ വിശകലനത്തിലൂടെ അദ്ദേഹം തെളിയിച്ചു. ∙ കൃത്യമായ പ്രവചനം; വിപ്ലവകരമായ ഗണിത മാതൃക ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ക്ലോണിങ് ലാബുകളിലെ ഭൂരിഭാഗം ജോലികളും ഉൽപാദനം ഏറ്റവും കൂടുതലുള്ള മാസങ്ങളിലേക്ക് പുനഃക്രമീകരിക്കാനും, എന്നാൽ ഏപ്രിലിൽ പുതിയ ഭ്രൂണങ്ങൾ നിക്ഷേപിക്കുന്നത് പൂർണമായി ഒഴിവാക്കാനും സഹായിക്കുന്ന കൃത്യമായ ഒരു ഗണിത മാതൃക അദ്ദേഹം വികസിപ്പിച്ചെടുത്തു. കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന ഈ മാതൃക വഴി, വിലപ്പെട്ട ഭ്രൂണങ്ങൾ നഷ്ടപ്പെടുന്നത് തടയാനും ആവശ്യമായ തിരുത്തൽ നടപടികൾ മുൻകൂട്ടിത്തന്നെ ഫലപ്രദമായി ആസൂത്രണം ചെയ്യാനും ഗവേഷകർക്ക് സാധിക്കും. യുഎഇ രാജകുടുംബത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും വലിയ പിന്തുണയിലുമാണ് ഈ വിസ്മയ ഗവേഷണം സാധ്യമായതെന്ന് ഡോ. ബിനോയ് വ്യക്തമാക്കി. സെൻട്രൽ വെറ്ററിനറി റിസർച്ച് ലബോറട്ടറി ഡയറക്ടർ ജനറൽ ഡോ. അലി റിദ്ഹ, റീപ്രൊഡക്റ്റിവ് ബയോടെക്നോളജി സെന്റർ സയന്റിഫിക് ഡയറക്ടർ ഡോ. നിസാർ അവാനി എന്നിവരുടെ മികച്ച മാർഗനിർദേശങ്ങളും പിന്തുണയും അദ്ദേഹം കൃതജ്ഞതയോടെ സ്മരിച്ചു.

∙ മാട്ടുപ്പെട്ടി മുതൽ അറേബ്യൻ മരുഭൂമി വരെ; അപൂർവ കരിയർ കേരളത്തിന്റെ അഭിമാനമായ ഡോ. ബിനോയ് കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കോടെയാണ് വിജയിച്ചുകയറിയത്. 1991-ൽ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ കരിയർ ആരംഭിച്ച അദ്ദേഹം, ഇടുക്കി മാട്ടുപ്പെട്ടിയിൽ അത്യാധുനിക ലബോറട്ടറി സ്ഥാപിക്കുന്നതിലും ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക ഭ്രൂണമാറ്റ കന്നുകുട്ടിയെ ഉൽപാദിപ്പിക്കുന്ന ചരിത്രപ്രക്രിയയ്ക്കും നേതൃത്വം നൽകി. പിന്നീട് ഗൾഫ് മേഖലയിലേക്ക് ചേക്കേറിയ അദ്ദേഹം ഒട്ടക പ്രജനന ശാസ്ത്രരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചത്. വംശനാശഭീഷണി നേരിടുന്ന അപൂർവ ഇനം ബാക്ട്രിയൻ ഒട്ടകങ്ങളെ സംരക്ഷിക്കുന്നതിനായി ലോകത്തിലാദ്യമായി ഇന്റർസ്പീഷീസ് ക്ലോണിങ് സാങ്കേതികവിദ്യയിലൂടെ ഒട്ടകക്കുട്ടിയെ വിജയകരമായി ഉൽപാദിപ്പിച്ച ലോക ശ്രദ്ധയാകർഷിച്ച ശാസ്ത്ര പഠനത്തിലെ പ്രധാന സഹരചയിതാവ് കൂടിയാണ് ഇദ്ദേഹം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *