Breaking
Tue. Oct 20th, 2026

ഒരു കിലോയിലധികം എം.ഡി.എം.എ. പിടികൂടിയ കേസ്; ഘാന സ്വദേശിനി പഞ്ചാബിൽ പിടിയിൽ

2026 ഒക്ടോബർ 20 ചൊവ്വ

കോഴിക്കോട്: പന്തീരങ്കാവ് ക്യാപ്കോൺ സിറ്റിക്ക് സമീപം കഴിഞ്ഞ മേയ് മാസം ഒരു കിലോയിൽ അധികം (1013.26) എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ഘാന സ്വദേശിനിയായ ഇബെ പീയസ് ചിനാസയാണ് പഞ്ചാബിലെ ജലന്ധറിൽ വെച്ച് പന്തീരങ്കാവ് എസ്.ഐ അർജുന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലായത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഡാൻസാഫിന്റെയും പന്തീരാങ്കാവ് പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആറുപേർ പിടിയിലായിരുന്നു. ഇവർക്ക് എം.ഡി.എം.എ എത്തിച്ച് നൽകുന്നത് ഇപ്പോൾ പിടിയിലായ ഘാന സ്വദേശിനിയാണ്. നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഘാന സ്വദേശിനിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഞ്ചാബിലെ ജലന്ധറിൽ ഇവരുണ്ടെന്ന് പന്തീരാങ്കാവ് പോലീസിന് സൂചന ലഭിച്ചത്.

പന്തീരാങ്കാവ് പോലീസ് പഞ്ചാബ് പോലീസിന്റെ സഹായത്തോടെ ഘാന സ്വദേശിനിയായ യുവതി താമസിക്കുന്ന കേന്ദ്രത്തിലെത്തി കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ പ്രതികൾ യൂസ്ഡ് കാറുകൾ വാങ്ങി ഇവർ പറയുന്ന കേന്ദ്രത്തിൽ എത്തിച്ച് നിർത്തിയിടുകയാണ് ആദ്യം ചെയ്യുക. തുടർന്ന് ഈ കാറിൽ ഘാന സ്വദേശിനിയായ യുവതിയുടെ നേതൃത്വത്തിൽ രാസ ലഹരി ഒളിപ്പിച്ചു വെക്കും. അതിനുശേഷം കാർ വെച്ചവരെ വിളിച്ചുവരുത്തി കൊണ്ടു പോയിക്കൊള്ളാൻ ആവശ്യപ്പെടുകയാണ് ചെയ്യാറുള്ളത്. കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനുവേണ്ടി വരും ദിവസം കോടതിയുടെ അനുവാദത്തോടെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പന്തീരാങ്കാവ് പോലീസ് അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *