2026 ഒക്ടോബർ 17 ശനി
കണ്ണൂര്: കിഫ്ബി വഴി കിൻഫ്രക്ക് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതിൽ ഉദ്യോഗസ്ഥർ ക്രമക്കേട് കാണിച്ചെന്ന് വിജിലൻസ് കണ്ടെത്തൽ. പട്ടാന്നൂർ, കീഴല്ലൂർ, കോളാരി വില്ലേജുകളിലെ ഭൂമി ഏറ്റെടുത്തതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിഷയത്തിൽ മട്ടന്നൂർ സ്പെഷ്യൽ തഹസീൽദാർ ഓഫീസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.
മട്ടന്നൂർ സ്പെഷ്യൽ തഹസിൽദാർ ഓഫീസിലെയും പട്ടാനൂർ വില്ലേജ് ഓഫീസിലെയും 4 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് കേസ് എടുത്തത്.സ്പെഷ്യൽ തഹസിൽദാർ ഷേർലി വി, സ്പെഷ്യൽ റെവന്യൂ ഇൻസ്പെക്ടർ ഷാജി കെ, അസിസ്റ്റന്റ് പ്രദീപ് കുമാർ പി, വില്ലേജ് ഓഫീസിലെ സക്കീർ പി.പി എന്നിവരാണ് പ്രതികൾ.
നിയമപരമായ രേഖകൾ ഇല്ലാതിരുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. അർഹതയില്ലാത്ത വ്യക്തികളിൽ നിന്നും നികുതി സ്വീകരിച്ച് കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കുകയും അതുവഴി അവർക്ക് ഭൂമിയുടെ മേൽ അവകാശം സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ഉദ്യോഗസ്ഥർ ഇത് ചെയ്തത്. ഉദ്യോഗസ്ഥർക്ക് പിന്നിൽ മറ്റാരുടെയെങ്കിലും സമ്മർദമുണ്ടോ എന്നതിനെക്കുറിച്ചും വിജിലൻസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
