Breaking
Tue. May 26th, 2026

പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, ചരടുവലികളുമായി കെ സി വേണുഗോപാല്‍, നിര്‍ണായക ചര്‍ച്ചകള്‍ നാളെ

തിരുവനന്തപുരം: ഇടത് സഹായാത്രികനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ മാറ്റിയതിന് പിന്നാലെ ഉയര്‍ന്ന അതൃപ്തികള്‍ക്ക് പിന്നാലെയാണ് നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇതുസംബന്ധിച്ച ഇടപെടലുകൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

പാര്‍ട്ടി പ്രവേശനം സംബന്ധിച്ച നിര്‍ണായക ചര്‍ചകള്‍ക്കായി കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നാണ് നല്‍കിയിരിക്കുന്ന വാഗ്ദാനം. ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ നീക്കിയ നടപടി സ്വാഭാവികമാണെന്ന സജി ചെറിയാന്റെ പ്രതികരണത്തിന് മറുപടി നല്‍കിയ വാര്‍ത്താസമ്മേളനത്തിലും കോണ്‍ഗ്രസുമായി അകല്‍ച്ചയില്ലെന്ന് സൂചനയാണ് പ്രേംകുമാര്‍ നല്‍കിയത്.

പ്രേംകുമാര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ പൂര്‍ണമായി തള്ളാതെയായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. എവിടെയും പോകാന്‍ വേണ്ടി നില്‍ക്കുന്ന ആളല്ല താന്‍, എന്നാല്‍ തനിക്കും കുടുംബത്തിനും കോണ്‍ഗ്രസ് പശ്ചാത്തലം ഉണ്ടെന്നും പ്രേംകുമാര്‍ പറഞ്ഞു. സിപിഎമ്മിന്റെ സഹയാത്രികനെങ്കിവും പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. എന്റെ നിലപാടുകള്‍, ലേഖനങ്ങള്‍ എന്നിവയുള്‍പ്പെടെ പരിഗണിച്ചായിരിക്കാം തന്നെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് പരിഗണിച്ചത്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

നിലവില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഒരു സംഘടനാ ചട്ടകൂട്ടില്‍ നില്‍ക്കുന്ന ആളല്ല താന്‍, എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്ന സ്വാതന്ത്ര്യം എനിക്കാവശ്യമാണ്. മുന്‍കൂട്ടി തീരുമാനിച്ച് ജീവിതത്തെ സമീപിക്കുന്ന ആളല്ല. താനൊരു ഉറച്ച ദൈവ വിശ്വാസിയാണ്. ദൈവം സ്‌നേഹമാണ് എന്നാണ് എന്റെ വിശ്വാസം. നാളെ എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല. ജീവിതത്തില്‍ സംഭവിക്കുന്നതിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് തന്റെ നിലപാടുകളെന്നും പ്രേംകുമാര്‍ വിശദീകരിക്കുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *