Fri. Sep 25th, 2026

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; പ്രഖ്യാപനം ഉടന്‍ ?

കൊച്ചി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഞ്ഞപ്പടയ്ക്ക് പുതിയ ഉടമകള്‍ വരുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ മാനേജ്‌മെന്റ് എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

കണ്‍സോര്‍ഷ്യത്തില്‍ മലയാളികള്‍ ഭാഗമല്ലെന്നാണ് സൂചന. മാനേജ്‌മെന്റ് കൈമാറ്റത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി വിടുമെന്നും, കോഴിക്കോടോ, മലപ്പുറമോ ഹോം ഗ്രൗണ്ടായി സ്വീകരിക്കും തുടങ്ങിയ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

എന്നാല്‍ ഈ സീസണിലും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് കളിക്കാനാണ് പുതിയ ഉടമകളും തീരുമാനിച്ചതെന്നാണ് വിവരം. ഒക്ടോബര്‍ പത്താം തീയതിയാണ് ഇക്കൊല്ലത്തെ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്. മറ്റു ടീമുകളെല്ലാം ഐഎസ്എല്‍ സീസണിനുള്ള മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.

ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണില്‍ കളിക്കേണ്ട താരങ്ങള്‍ സംബന്ധിച്ച് പുതിയ മാനേജ്‌മെന്റിനുള്ളില്‍ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. പല താരങ്ങളുമായും മാനേജ്‌മെന്റ് ബന്ധപ്പെട്ടിട്ടുണ്ട്. അഡ്രിയാന്‍ ലൂണയും ടീമില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ക്ലബ് ഉടമകള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിന് പിന്നാലെ തന്നെ, ടീമിന്റെ പരിശീലനവും ആരംഭിച്ചേക്കും.

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ നേരത്തെ ഹൈദരാബാദ് അസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിൻ്റെ മാഗ്നം സ്പോർട്സായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉടമസ്ഥവകാശം നേടിയിരുന്നത്. കഴിഞ്ഞ സീസണിൽ സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടതോടെയാണ് മാഗ്നം ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉടമസ്ഥവകാശം കൈമാറാൻ തീരുമാനിച്ചത്. നിഖിൽ ഭരദ്വാജ്, തെലുങ്ക് സിനിമാ താരങ്ങളായ ചിരഞ്ജീവി, അക്കിനേനി നാ​ഗാർജുന അടക്കമുള്ളവരുടെ കൺസോർഷ്യമാണ് ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥരായി ഉണ്ടായിരുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *