Breaking
Thu. Sep 10th, 2026

‘വീണയുടെ റെഡ്ബുക്കില്‍ എല്ലാ തെളിവുകളും; റിയാസിന് കൈക്കൂലിയായി ലഭിച്ചത് 20.5 കോടി; പണം ദുബൈയിലേക്ക് കടത്തി’

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടാം പിണറായി സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പിഎ മുഹമ്മദ് റിയാസ് കൈക്കൂലിയായി 20.5 കോടി രൂപ സമ്പാദിച്ചെന്നും ഇതില്‍ ഒരു ഭാഗം ദുബൈയിലേക്കു കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ കത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. റിയാസിന് ലഭിച്ച കൈക്കൂലി പണം സിഎംആര്‍എല്ലില്‍ നിന്നല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

റിയാസിന്റെ കൈക്കൂലിക്കും ഹവാല ഇടപാടിനും വീണയുടെ ഡയറിയിലെ ഏഴ് പേജുകളില്‍ ഉണ്ടെന്നും റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴിയും തെളിവാണെന്നുമാണ് ഇഡി കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഡയറിയെ റെഡ്്ബുക്ക് എന്നാണ് ഇഡി വിശേഷിപ്പിച്ചിരിക്കുന്നത്. റിയാസിനെതിരെ സുഹൃത്തുക്കളായ നിഖില്‍, ഷൈജല്‍, വാരിസ് എന്നിവരാണ് മൊഴി നല്‍കിയത്. ദുബൈയില്‍ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനും മറ്റുമാണു പണം കടത്തിയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഈ തുക കൈക്കൂലിയായി ലഭിച്ചതാവാമെന്നതിനാല്‍ വിശദ അന്വേഷണം ആവശ്യമാണെന്ന ശുപാര്‍ശയോടെയാണു ഡിജിപിക്ക് കത്തുനല്‍കിയത്.

ദുബൈയിലേക്ക് പണം കടത്തിയ സമയത്ത് രണ്ടാഴ്ചയോളം വീണ ദുബൈയില്‍ താമസിച്ചതിനും തെളിവുണ്ടെന്ന് ഇഡി പറയുന്നു. 25 പേജുകളുള്ള കത്തില്‍ 2024-25 ലെ പണമിടപാടിന്റെ വിവരങ്ങള്‍, തെളിവുകള്‍, മൊഴികള്‍, രേഖകള്‍ ഉണ്ടെന്നാണ് ഇഡി വൃത്ത്ങ്ങള്‍ സ്ഥിരീകരിക്കുന്നത്. വീണ വഴി, സിഎംആര്‍എലില്‍നിന്ന് പലപ്പോഴായാണു പിണറായി വിജയന്‍ 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയതെന്നും കത്തില്‍ പറയുന്നു.

അതേസമയം, കൈക്കൂലി ഇടപാടില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമപദേശം കാത്ത് സര്‍ക്കാര്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമപദേശം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപദേശം ലഭിച്ചില്ലെങ്കില്‍ പോലും കേസെടുക്കേണ്ടി വരും എന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. ഇന്നലെ രാത്രിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും സാഹചര്യം വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതുനടപടിയെയും പ്രതിരോധിക്കാനുള്ള നിയമപരമായ സാധ്യതകളാണ് സി.പി.എമ്മും പരിശോധിക്കുന്നത്.

ഇഡി നല്‍കിയ കത്തിന്റെ പേരില്‍മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്യാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എന്നാല്‍, കത്തില്‍ ചൂണ്ടിക്കാട്ടുന്ന വിവരങ്ങളില്‍ കേസെടുക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്യാന്‍ നിയമപരമായ തടസ്സങ്ങളില്ല. പക്ഷേ, ഇഡി കേസില്‍ പ്രതിയായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍മാത്രം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്താല്‍ ചോദ്യംചെയ്യപ്പെടുമെന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അതിനാല്‍ ഇഡി കത്തിന്റെ വെളിച്ചത്തില്‍ ദ്രുതപരിശോധനയ്ക്കായിരിക്കും സര്‍ക്കാര്‍ തീരുമാനിക്കുകയെന്നാണ് വിവരം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *