Breaking
Sat. Sep 5th, 2026

മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചു; കൊച്ചി സ്വദേശിയുടെ വിരല്‍ കടിച്ചെടുത്തു, മോഷ്ടാവിനായി തിരച്ചില്‍

കൊച്ചി: മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ച കൊച്ചി സ്വദേശിയുടെ തള്ളവിരല്‍ മോഷ്ടാവ് കടിച്ചുമുറിച്ചു. എറണാകുളം ഏലൂര്‍ പാതാളം സ്വദേശി കേച്ചേരി വീട്ടില്‍ സലീമിന്റെ വിരലാണ് മോഷ്ടാവ് കടിച്ചുമുറിച്ചത്. വിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവന്നു. അക്രമി ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തില്‍ ഏലൂര്‍ പൊലീസ് കേസെടുത്തു. സംഭവം നടന്ന സ്ഥലത്ത് സിസിടിവി കാമറകള്‍ ഇല്ലാത്തതിനാല്‍ അക്രമിയെ തിരിച്ചറിയാനായിട്ടില്ല. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളിയാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഏലൂരിലെ വ്യാവസായിക മേഖലയില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 8.15ഓടെ പാതാളത്തെ സലീമിന്റെ വീടിന് തൊട്ടുമുന്നിലായിരുന്നു സംഭവം. വീട്ടിലെ പൈപ്പില്‍ വെള്ളം വരുന്നത് കുറവായതിനാല്‍ സലീമിന്റെ മകന്റെ ഭാര്യ വീടിന് എതിര്‍വശത്തുള്ള പബ്ലിക് ടാപ്പില്‍ നിന്ന് വെള്ളം എടുക്കാന്‍ പോയതായിരുന്നു. ഈ സമയം വെള്ളം പിടിക്കാനെന്ന വ്യാജേന കാനുമായി ഒരാള്‍ ടാപ്പിനടുത്തേക്ക് വരികയും നിമിഷങ്ങള്‍ക്കകം യുവതിയുടെ പിന്നിലെത്തി കഴുത്തില്‍ നിന്ന് സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിയെത്തിയ സലീം കാണുന്നത് മരുമകളെ ആക്രമിക്കുന്നതാണ്. ഇതോടെ മോഷ്ടാവിനെ നേരിട്ട സലീം അയാളെ മല്‍പ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി.

അതിനിടെയാണ് സലീമിന്റെ വലതുകൈ അക്രമിയുടെ വായില്‍ അകപ്പെട്ടത്. മോഷ്ടാവ് സലീമിന്റെ വലതു തള്ളവിരലില്‍ ശക്തിയായി കടിച്ച് വിരലിന്റെ മുകള്‍ ഭാഗം മുറിച്ചെടുക്കുകയുമായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് സ്ഥലത്തുനിന്ന് കുതറിയോടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ അറ്റുപോയ വിരലിന്റെ ഭാഗം സമീപത്തുനിന്ന് കണ്ടെത്തിയെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനാല്‍ ഇത് തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പിന്നീട് സലീമിനെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാസ്റ്റിക് സര്‍ജന്മാര്‍ വയറ്റില്‍ നിന്ന് കോശങ്ങള്‍ എടുത്താണ് പരിക്കേറ്റ കൈയില്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തത്. മുറിവ് കരിയുന്നതിനും രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിനുമായി സലീമിന്റെ കൈ മൂന്നാഴ്ചത്തേക്ക് അനക്കാതെ വയറിനോട് ചേര്‍ത്ത് തുന്നിച്ചേര്‍ത്തിരിക്കുകയാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *