Breaking
Fri. Aug 21st, 2026

കാണാതായ 13കാരിക്കായി സഞ്ചരിച്ചത് 4,000 കിലോമീറ്റര്‍; കണ്ടെത്തിയത് ഒഡിഷയിലെ നക്‌സല്‍ ബാധിത വനമേഖലയില്‍

കൊച്ചി: കേരളത്തില്‍ നിന്ന് കാണാതായ 13കാരിയായ പെണ്‍കുട്ടിയെ ഒഡിഷയിലെ നക്സല്‍ ബാധിത വനമേഖലയില്‍ നിന്ന് കുറുപ്പംപടി പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. റോഡ് മാര്‍ഗം 4,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പ്രത്യേക അന്വേഷണ സംഘം കുട്ടിയെ കണ്ടെത്തിയത്. ഒഡിഷ സ്വദേശികളുടെ മകളായ കുട്ടിയെ മേതലയില്‍ നിന്നുമാണ് കാണാതായത്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 13-ാം തീയതി വൈകീട്ടാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയത്. മേതലയിലും പരിസരങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ചുള്ള വിവരം ലഭിച്ചു. സേലത്തെ കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ഒഡിഷ സ്വദേശിയുമായി കുട്ടിക്ക് സൗഹൃദമുണ്ടെന്ന് പൊലീസ് മനസ്സിലാക്കി.

സേലത്ത് എത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ അന്വേഷണം പ്രതിസന്ധിയിലായി. ജില്ലാ പൊലീസ് മേധാവി കെ.എസ് സുദര്‍ശന്റെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു. അലോക് എന്ന യുവാവിനൊപ്പമാണ് കുട്ടിയുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

18ന് ഒഡിഷയിലെത്തിയ പൊലീസ് സംഘം, പ്രദേശം നക്‌സല്‍ ബാധിത മേഖലയാണെന്നും പകല്‍ സമയത്ത് വാഹനങ്ങള്‍ പ്രവേശിക്കുന്നത് അപകടകരമാണെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് ബഞ്ചനഗര്‍ പൊലീസിന്റെ സഹായത്തോടെ അര്‍ധരാത്രിയില്‍ കനത്ത സുരക്ഷയോടെയായിരുന്നു അടുത്ത നീക്കം. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ ആയുധധാരികളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയും സംഘത്തോടൊപ്പം നിയോഗിച്ചു. വനമേഖലയിലൂടെ 40 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം രാത്രി 12 മണിയോടെ ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റര്‍ അകലെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് കാട്ടിലൂടെ ഒറ്റനിരയായി നടന്ന് അലോകിന്റെ വീട് കണ്ടെത്തുകയും പൊലീസ് സംഘം വീട് വളയുകയും ചെയ്തു.

സമീപവാസികള്‍ ഉണര്‍ന്നെത്തി ചെറിയ വാക്കുതര്‍ക്കമുണ്ടായെങ്കിലും പൊലീസ് അലോകിനെയും പെണ്‍കുട്ടിയെയും സുരക്ഷിതമായി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇരുവരെയും ബഞ്ചനഗര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും പിന്നീട് പെണ്‍കുട്ടിയുമായി സംഘം കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ കെഎം അബി, സീനിയര്‍ സിപിഒമാരായ എന്‍പി ബിന്ദു, അരുണ്‍ കെ കരുണന്‍, രജിത് രാം എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *