കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ, കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തത്തിൽ മരണം എട്ടായി. രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിടിച്ചിലിൽ അഞ്ച് പേരെയായിരുന്നു കാണാതായിരുന്നത്. തിരച്ചിലിന്റെ മൂന്നാം ദിനം മുതലാണ് കാണാതായവരുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.

വിക്രം റാണയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. മീനാക്ഷിപ്പാലത്തിന് 200 മീറ്റർ അകലെ നിന്നാണ് വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. കള്ളാടി ദുരന്തം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോ​ഗിച്ചിരുന്നു. ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകൾ പാലിച്ചു എന്ന് പരിശോധിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക തുടങ്ങിയവയാണ് സംസ്ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗസമിതിയുടെ ചുമതലകൾ.

ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി പി രാജേന്ദ്രൻ നയിക്കുന്ന സമിതിയിൽ ജിയോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എന്നിവരുമുണ്ട്. വരും ദിവസങ്ങളിൽ സമിതി ദുരന്ത സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കും. ഒരുമാസമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായി സർക്കാർ, സമിതിക്ക് അനുവദിച്ചിരിക്കുന്ന സമയം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *