Breaking
Sat. Jul 11th, 2026

ട്രൂകോളറില്‍ 1600, 140 സീരീസ് നമ്പറുകള്‍ ‘സ്പാം’ ആയി കാണിക്കരുതെന്ന് ട്രായ്; തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നുവെന്ന് കമ്പനി

ന്യൂഡല്‍ഹി: ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 1600, 140 എന്നീ സീരീസുകളില്‍ ആരംഭിക്കുന്ന ഫോണ്‍ നമ്പറുകളെ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ‘സ്പാം’ എന്ന് ടാഗ് ചെയ്യാനോ, ഫില്‍ട്ടര്‍ ചെയ്യാനോ, ബ്ലോക്ക് ചെയ്യാനോ അനുവാദമില്ലെന്ന് ട്രായ് വ്യക്തമാക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള കാളുകളെ തിരിച്ചറിയാന്‍ തങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നമ്പറുകള്‍ ബ്ലോക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് ട്രായിയുടെ നിലപാട്.

എന്നാല്‍, ട്രായിയുടെ നിര്‍ദ്ദേശത്തിനെതിരെ പ്രമുഖ കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പായ ട്രൂകോളറിന്റെ സിഇഒ ഋഷിത് ജുന്‍ജുന്‍വാല രംഗത്തെത്തി. ഈ നിയമത്തിന്റെ മറവില്‍ തട്ടിപ്പുകാരും സ്പാമര്‍മാരും ഉപഭോക്താക്കളെ വലിയ തോതില്‍ ശല്യം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്രൂകോളര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദിവസേന 5.25 ലക്ഷത്തിലധികം ആളുകളാണ് 1600, 140 സീരീസ് നമ്പറുകളില്‍ നിന്നുള്ള കാളുകള്‍ സ്പാം ആണെന്ന് ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ (ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ എന്നിവയ്ക്ക് കീഴിലുള്ളവ), സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്ക്ക് ഉപഭോക്താക്കളുമായി ഔദ്യോഗിക ഇടപാടുകള്‍ നടത്തുന്നതിനാണ് ‘1600’ സീരീസ് നമ്പറുകള്‍ ട്രായ് അനുവദിച്ചിരിക്കുന്നത്. ഇത്തരം കാളുകള്‍ ജനങ്ങള്‍ക്ക് വിശ്വസനീയമായി തിരിച്ചറിയാനാണ് പ്രത്യേക സീരീസ് നല്‍കിയത്. അതേസമയം, രജിസ്റ്റര്‍ ചെയ്ത ടെലിമാര്‍ക്കറ്റിങ്‌ കമ്പനികള്‍ക്ക് പരസ്യ കാളുകള്‍ വിളിക്കാനാണ് ‘140’ സീരീസ് നമ്പറുകള്‍ നല്‍കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടാന്‍ കൊണ്ടുവന്ന ഈ നമ്പറുകള്‍ സ്പാമര്‍മാര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്ന് ട്രൂകോളര്‍ സിഇഒ വ്യക്തമാക്കുന്നു. ‘ഈ നമ്പറുകള്‍ ആര്‍ക്കും സ്പാം ആയി രേഖപ്പെടുത്താന്‍ കഴിയില്ലെന്ന ട്രായിയുടെ നിര്‍ദ്ദേശമാണ് സ്പാം കാളുകള്‍ വര്‍ധിക്കാന്‍ കാരണം. പ്രതിദിനം 5.25 ലക്ഷം ആളുകള്‍ ഇത് സ്പാം ആണെന്ന് പരാതിപ്പെട്ടിട്ടും ഞങ്ങള്‍ക്ക് ഇത് തടയാന്‍ സാധിക്കുന്നില്ല’ -അദ്ദേഹം എക്‌സില്‍ കുറിച്ചു.

ട്രൂകോളര്‍ ഉപഭോക്താക്കള്‍ മാത്രം ദിവസേന 140 സീരീസിലെ 4 ലക്ഷം കാളുകളും 1600 സീരീസിലെ 1.25 ലക്ഷം കാളുകളും ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇരു സീരീസുകളില്‍ നിന്നുമായി വരുന്ന 5.1 കോടിയിലധികം കാളുകള്‍ ഇപഭോക്താക്കള്‍ ഫോണ്‍ എടുക്കാതെ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഈ നീക്കത്തിനെതിരെ കേന്ദ്ര ഐടി മന്ത്രാലയത്തെ സമീപിക്കുമെന്നും, ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാന്‍ തയ്യാറാണെന്നും ഋഷിത് ജുന്‍ജുന്‍വാല വ്യക്തമാക്കി.

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി 140 സീരീസ് നമ്പറുകള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ അനുവാദമില്ലെങ്കിലും, ഉപഭോക്താക്കള്‍ക്ക് ട്രായിയുടെ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ (ഡിഎന്‍ഡി) രജിസ്ട്രി വഴി ഇത്തരം പരസ്യ കാളുകള്‍ പൂര്‍ണമായും ബ്ലോക്ക് ചെയ്യാന്‍ അവകാശമുണ്ട്. ട്രായിയുടെ ഡിഎന്‍ഡി ആപ്പ് വഴിയോ മറ്റ് ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയോ ആവശ്യമില്ലാത്ത പരസ്യ കാളുകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് തടയാനാകും. അതേസമയം നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കോളര്‍ ഐഡി ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ് ട്രായ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *