Breaking
Wed. Jul 8th, 2026

കള്ളാടി മണ്ണിടിച്ചിൽ ; മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചുകൊണ്ടാണ് നിർമാണം നടത്തിയത് , അന്വേഷണത്തിൽ സഹകരിക്കും, വിശദീകരണവുമായി നിർമ്മാണ കമ്പനി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിനിടെയുണ്ടായ അപകടം അതീവദു:ഖകരമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്. ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്ന് ബോംബെ, നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കു നല്‍കിയ നിയമപ്രകാരമുള്ള കത്തില്‍ കമ്പനി അറിയിച്ചു. പ്രദേശത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡിന് വേണ്ടി കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ നല്‍കിയ കത്തില്‍ വ്യക്തമാക്കി.

ജില്ലാ ഭരണകൂടം, അടിയന്തര ദുരന്തനിവാരണ ഏജന്‍സികള്‍, മറ്റ് ബന്ധപ്പെട്ട അധികാരികള്‍ എന്നിവരുമായി ഞങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നു. പദ്ധതി പ്രദേശത്തുണ്ടായിരുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനും അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു വരുന്നു. വയനാട്ടില്‍ അസാധാരണമാംവിധം കനത്ത മഴ പെയ്തുകൊണ്ടിരുന്ന ശക്തമായ കാലവര്‍ഷത്തിനിടയിലാണ് ഈ സംഭവം ഉണ്ടായത്. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വയനാട്ടില്‍ ഏകദേശം 265 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മണ്‍സൂണ്‍ സീസണില്‍ ജില്ലയില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയിലൊന്നാണിത്. ഇത് ഒരു സാധാരണ ജൂലൈ മാസത്തിലെ മഴദിനത്തില്‍ ലഭിക്കുന്നതിന്റെ 9-10 മടങ്ങാണ്. കൂടാതെ, കേരളത്തില്‍ ജൂലൈ മാസത്തില്‍ ലഭിക്കേണ്ട ശരാശരി മഴയുടെ മൂന്നിലൊന്നിലധികം വെറും 24 മണിക്കൂറിനുള്ളില്‍ പെയ്തിറങ്ങുകയും ചെയ്തു.

കേരളത്തിലെ മറ്റ് മലയോര ജില്ലകളെപ്പോലെ വയനാടും കാലവര്‍ഷം മൂലമുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്ക് കാലങ്ങളായി സാധ്യതയുള്ള പ്രദേശമാണ്. അതേസമയം, ബാധകമായ എല്ലാ എഞ്ചിനീയറിംഗ് സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പാരിസ്ഥിതികമായി അതീവ സെന്‍സിറ്റീവ് ആയ ഒരു പ്രദേശമായതിനാല്‍, സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ മേല്‍നോട്ടം ഉള്‍പ്പെടെയുള്ള ഒന്നിലധികം നിയന്ത്രണ സംവിധാനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഈ പ്രോജക്റ്റ് വിധേയമാണ്. ഇവിടെ നിന്നും ഖനനം ചെയ്യുന്ന എല്ലാ വസ്തുക്കളും അംഗീകൃത മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം കടുത്ത നിയമപാലന നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ ഈ പ്രൊജക്റ്റില്‍ സാങ്കേതിക പിഴവുകള്‍ക്കുള്ള സാധ്യത വളരെ കുറവാണ്.

ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് ഔദ്യോഗികമായി പങ്കുവെക്കും. ദുരന്തബാധിത കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിലും ഈ വിഷമഘട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നതിലുമാണ് ഞങ്ങളുടെ ശ്രദ്ധയെന്നും കമ്പനി വിശദീകരണം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *