മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ മകന്റെ മരണം കൊലപാതകമെന്ന് പൊലീസ്. വിനോദസഞ്ചാരകേന്ദ്രമായ ലോഹഗഢ് കോട്ടയില്‍ ഫോട്ടോയെടുക്കുന്നതിനിടയില്‍ പുനെ നഗരത്തിനടുത്തുള്ള ഗഹുഞ്ചെയില്‍ താമസിക്കുന്ന കേതന്‍ വിശാല്‍ അഗര്‍വാള്‍ (26) മലയിടുക്കില്‍ വീണുമരിച്ച സംഭവമാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതിശ്രുത വധു സിയ ഗോയല്‍ (23), ആണ്‍സുഹൃത്ത് ചേതന്‍ ചൗധരി (22) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവം. സിയ ഗോയലിനൊപ്പം ജന്മദിനം ആഘോഷിക്കാന്‍ കോട്ടയിലേക്ക് പോയ കേതന്‍ വിശാല്‍ അഗര്‍വാള്‍ ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി 400 അടി താഴ്ചയിലേക്ക് വീണുവെന്നാണ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അപകടമരണമാണെന്നു തോന്നിയത് അന്വേഷണത്തില്‍ കൊലപാതകമായി മാറുകയായിരുന്നു. തുടര്‍ന്നാണ് പുനെ റൂറല്‍ പൊലീസ് ചൊവ്വാഴ്ച സിയയെയും ചേതന്‍ ചൗധരിയെയും അറസ്റ്റുചെയ്തത്.
സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് പൊലീസ് അന്വേഷണം കൊലപാതകത്തിലേക്ക് എത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തില്‍ ഉയര്‍ന്നുവന്ന ചില സംശയങ്ങളാണ് വിശദമായി അന്വേഷണം നടത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.
കോട്ടയുടെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളില്‍ കേതനും സിയയും ഒരുമിച്ച് നടക്കുന്നത് കണ്ടതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് മൂന്നാമതൊരാള്‍ ഇവരെ പിന്തുടരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്.
‘കേസ് അന്വേഷിക്കുന്നതിനിടയിലാണ് സംഭവത്തിന് പിന്നില്‍ ചില സംശയകരമായ സാഹചര്യങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് കോട്ടയുടെ ടിക്കറ്റ് കൗണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ കേതനും സിയയും ഒരുമിച്ച് നടന്നുപോകുന്നത് കണ്ടു. എന്നാല്‍ ഇവര്‍ക്ക് തൊട്ടുപിന്നില്‍ കുറച്ചകലത്തിലായി ഒരു അപരിചിതനും നടന്നുപോകുന്നുണ്ടായിരുന്നു. അയാള്‍ ഷോര്‍ട്‌സും തലമറച്ച് കൊണ്ട് ഹൂഡിയും ധരിച്ചിരുന്നു. ഹൂഡിയുടെ മുന്‍ഭാഗം മുഖം കാണാന്‍ കഴിയാത്തവിധം താഴേക്ക് വലിച്ചിട്ടിരിക്കുകയായിരുന്നു. കൂടാതെ അയാള്‍ ഹൂഡിക്ക് മുകളിലൂടെ ഹെഡ്സെറ്റും വെച്ചിരുന്നു. മറ്റൊരു ദൃശ്യത്തില്‍ സിയ പെട്ടെന്ന് തിരിഞ്ഞുനോക്കുന്നതും, അതേസമയം തന്നെ ഹൂഡി ധരിച്ചയാള്‍ പെട്ടെന്ന് താഴേക്ക് ഇരിക്കുന്നതും ഞങ്ങള്‍ കണ്ടു,’- അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ അവിടെ ഏകദേശം 33 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടായിരുന്നതിനാല്‍ ആ സമയത്ത് ഒരാള്‍ ഹൂഡി ധരിച്ചു നടന്നത് പൊലീസില്‍ വലിയ സംശയമുണ്ടാക്കി. ‘ജൂണ്‍ 18-ലെ താപനില ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് 33 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് മനസ്സിലായി. ഇത്രയും കടുത്ത ചൂടില്‍ ഒരാള്‍ എന്തിനാണ് ഹൂഡി ധരിക്കുന്നത് എന്ന് ഞങ്ങള്‍ ചിന്തിച്ചു,’- അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഇതാണ് ഹൂഡി ധരിച്ച വ്യക്തിയുടെ ഐഡന്റിറ്റിയും നീക്കങ്ങളും പരിശോധിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.
അന്വേഷണത്തിനിടയില്‍, സിയയ്ക്ക് ഈ വിവാഹത്തോട് താല്പര്യമില്ലായിരുന്നുവെന്നും കല്യാണം ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കാന്‍ സാധിക്കുമോ എന്ന് അവള്‍ ഒരിക്കല്‍ ചോദിച്ചിരുന്നുവെന്നും കേതന്റെ അമ്മാവനില്‍ നിന്ന് പൊലീസ് മനസ്സിലാക്കി. ഫെബ്രുവരിയിലായിരുന്നു കേതന്റെയും സിയയുടെയും നിശ്ചയം കഴിഞ്ഞത്. നവംബറില്‍ ഉദയ്പൂരില്‍ വെച്ച് വലിയ രീതിയില്‍ വിവാഹം നടത്താനായിരുന്നു പ്ലാന്‍. ഇതിനായി ഒരു കൊട്ടാരം വരെ ബുക്ക് ചെയ്തിരുന്നു. കേതനെ ലോഹഗഢ് കോട്ടയിലേക്ക് പോകാന്‍ സിയ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായി കേതന്റെ സഹോദരി സഞ്ജനയും മറ്റ് കുടുംബാംഗങ്ങളും മൊഴി നല്‍കി.
പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി ബാലിയിലേക്ക് (Bali) പോകാനിരുന്ന യാത്രയ്ക്ക് മുന്‍പ് കേതനെ ‘ഇല്ലാതാക്കാന്‍’ സിയയും അവളുടെ കാമുകനായ ചേതന്‍ ചൗധരിയും പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. എന്നാല്‍ കേതന്റെ പാസ്പോര്‍ട്ട് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായതിനെ തുടര്‍ന്ന് ആ യാത്ര നടന്നില്ല.
സംഭവമുണ്ടാകുന്നതിനു നാലുനാള്‍ മുന്‍പും കേതനെ കൊലപ്പെടുത്താന്‍ സിയ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. അന്നും സിയയും കേതനും ലോഹഗഢ് കോട്ടയിലേക്ക് പോയിരുന്നു. ഇവിടെവച്ച് സിയ കേതനെ കൊക്കയിലേക്ക് തള്ളിയിട്ടെങ്കിലും കുറ്റിച്ചെടിയില്‍ പിടിത്തം കിട്ടിയതിനാല്‍ കേതന്‍ രക്ഷപ്പെടുകയായിരുന്നു. ആരോ തള്ളിയിട്ടതാണെന്നു കേതനു മനസ്സിലായെങ്കിലും ‘പാമ്പ് പാമ്പ്’ എന്നുറക്കെ വിളിച്ച് സിയ മകനെ കെട്ടിപ്പിടിക്കുകയായിരുന്നു. തള്ളിയിട്ടതല്ല മറിച്ച്, പാമ്പിനെ കണ്ടപ്പോള്‍ പേടിച്ച് കേതനെ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു സിയയുടെ ശ്രമമെന്നും പൊലീസ് പറയുന്നു.
ചേതനിലേക്ക് നയിച്ച ഡിജിറ്റല്‍ തെളിവുകള്‍
സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും കോള്‍ റെക്കോര്‍ഡുകളും ഡിജിറ്റല്‍ സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള സാങ്കേതിക തെളിവുകള്‍ പരിശോധിക്കുകയും ചെയ്തു. സിയയുടെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അവളുടെ കാമുകനായ ചേതന്‍ ചൗധരിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ‘ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ ആയിരക്കണക്കിന് കോളുകള്‍ കൈമാറിയതായി ഞങ്ങള്‍ കണ്ടെത്തി, മണിക്കൂറുകളോളം നീളുന്ന സംഭാഷണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു,’- അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് ചേതന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലെ ചിത്രങ്ങളും കോട്ടയിലെ സിസിടിവി ദൃശ്യങ്ങളിലെ ഹൂഡി ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങളും പൊലീസ് താരതമ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സിയയും ചേതനും ചേര്‍ന്ന് നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ചുരുളഴിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
