Breaking
Sun. May 24th, 2026

നവകേരള ‘രക്ഷാപ്രവര്‍ത്തനം’: ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പൊലീസുകാര്‍ പ്രതികള്‍; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍

ആലപ്പുഴ: നവകേരള യാത്രയിലെ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. ഗണ്‍മാന്‍ അനില്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, എസ്‌കോര്‍ട്ടിലുണ്ടായിരുന്ന പൊലീസുകാരായ ഷൈജു, വിപിന്‍, അരുണ്‍ എന്നിവര്‍ പ്രതികളാണെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളും, ദൃക്‌സാക്ഷികളുടെ മൊഴികളും അടക്കം ശേഖരിച്ചശേഷമാണ് എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. കോടതിയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ അഞ്ചുപേര്‍ക്കുമെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടില്ല. തുടരന്വേഷണത്തിനു ശേഷമാകും വകുപ്പുകള്‍ ചുമത്തുക. ഈ അഞ്ച് പേര്‍ക്കുമെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ഉടന്‍ ഡിജിപിക്ക് കൈമാറും.

ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ്, പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ലാത്തി കൊണ്ട് യൂത്ത് കോണ്‍ഗ്രസുകാരുടെ തലക്കടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ഭാഗത്തു നിന്നും ഗുരുതരചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത് അനാവശ്യ പ്രവൃത്തിയാണെന്നും, പൊലീസിന് അവമതിപ്പുണ്ടാക്കുന്നതാണെന്നും അന്നത്തെ ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയിരുന്നു.

ഇവരെ സുരക്ഷാ ചുമതലയില്‍ വെച്ചുകൊണ്ടിരിക്കാന്‍ പാടില്ലെന്നും എസ്പി അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനിടെ, അന്നത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനായി, അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആര്‍ അജിത് കുമാര്‍ തിരുത്തിയെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ്, എസ്പി ഷൗക്കത്തിലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു തീരുമാനമെടുത്തത്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *