Breaking
Fri. Oct 23rd, 2026

കൂപ്പുകുത്തി സ്വർണവില, ദിവസങ്ങൾക്കിടെ കുറഞ്ഞത് 6500 രൂപ, 3 മാസത്തെ താഴ്ന്ന നിലയിൽ‍

2026 ഒക്ടോബർ 23 വെള്ളി

സ്വർണവില കേരളത്തിലും കൂപ്പുകുത്തി. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയിലെത്തി. പവൻ വില 1400 രൂപ കുറഞ്ഞ് 1,04,480 രൂപയുമായി. മൂന്നു മാസങ്ങൾക്കിടയിൽ കേരളത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒക്ടോബർ 11ന് കുറിച്ച പവന് 1,11,040 രൂപയെന്ന വിലയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇതിൽ നിന്ന് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇടിഞ്ഞത് 6560 രൂപ. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4000 ഡോളറിലും താഴെ എത്തിയതോടെയാണ് കേരളത്തിലും വില മാറ്റം.

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷമുണ്ടാകുമെന്ന റിപ്പോർട്ടുകളും ഹൂതി-സൗദി ഏറ്റമുട്ടലും ക്രൂഡോയിൽ വില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഉയർത്തിയിരുന്നു. ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 114 ഡോളർ‍ കടന്നു. ഇതോടെ രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ ഭീഷണി സജീവമായി. ഇതിനെ നേരിടാൻ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയും വർധിച്ചു. ഇത്തരം സാഹചര്യങ്ങളിൽ നിക്ഷേപകർ സ്വർണത്തിൽ പണമിറക്കുന്നത് കുറച്ച് അമേരിക്കൻ കടപത്രങ്ങൾ‍ പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയും. പിന്നാലെ സ്വർണത്തിന്റെ ഡിമാൻഡും വിലയും ഇടിയും. ഇതു മുൻകൂട്ടി കണ്ട് നിക്ഷേപകർ സ്വർണനിക്ഷേപങ്ങൾ ഒഴിവാക്കിയതോടെ രാജ്യാന്തര വിപണിയിൽ വില കുത്തനെ ഇടി‍ഞ്ഞു. ഇന്നലെ ഔൺസിന് 4076 ഡോളർ നിലവാരത്തിലുണ്ടായിരുന്ന സ്വർണം ഇന്ന് 4000 ഡോളറിൽ താഴെയെത്തി. ഒരുവേള 3987 ഡോളർ വരെ ഇടിഞ്ഞ സ്വർണം പിന്നീട് തിരിച്ചുകയറി 4009 ഡോളറിലെത്തി.

പശ്ചിമേഷ്യയിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ മുഴുവൻ പിൻവലിക്കാൻ യുഎസ് തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ വിപണിയിൽ ആശങ്കയായിരുന്നു. മേഖലയിൽ ഉടൻ യുഎസ് സൈനിക നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങളും സജീവമായി. എന്നാൽ സൗദി അറേബ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ മാത്രമാണ് പിൻവലിക്കുന്നതെന്ന് പിന്നീട് യുഎസ് വിശദീകരിച്ചു. ഇതോടെ ക്രൂഡോയിൽ വില അൽപം താഴ്ന്നു. പിന്നാലെയാണ് സ്വർണവിലയും അൽപം മെച്ചപ്പെട്ടത്. അടുത്ത ബുധനാഴ്ച പുറത്തുവരുന്ന യുഎസ് ഫെ‍ഡറൽ റിസർവിന്റെ പലിശ തീരുമാനമാകും ഇനി സ്വർണവിലയിൽ നിർണായകമാകുന്നത്. അടിസ്ഥാന പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇതിന് വിപരീതമായി പലിശ ഉയർത്താനുള്ള തീരുമാനം ഫെഡ് എടുത്താൽ വില കൂപ്പുകുത്തും. ഫെ‍ഡ് ചെയർമാൻ കെവിൻ വാർഷ് പണപ്പെരുപ്പത്തെക്കുറിച്ചും സാമ്പത്തിക മേഖലയെക്കുറിച്ചും നടത്തുന്ന പരാമർശങ്ങളും നിർണായകമാകും.

പുതിയ വിലയിൽ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജുകളും ചേർത്ത് 1,18,500 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി 3 മുതൽ 30 ശതമാനം വരെ മാറും. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 145 രൂപ കുറഞ്ഞ് 10,690 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 8360 രൂപയിലും 9 കാരറ്റ് ഗ്രാമിന് 5395 രൂപയിലുമാണ് വ്യാപാരം, വെള്ളി വില ഗ്രാമിന് 220 രൂപയിലുമെത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *