Breaking
Fri. Oct 23rd, 2026

ബീഫ് കഴിച്ചതിന് പരിഹാസവും ജാതി അധിക്ഷേപവും; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

2026 ഒക്ടോബർ 23 വെള്ളി

കോയമ്പത്തൂർ: ജാതിയുടേയും ബീഫ് കഴിച്ചതിന്റേയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചത് കാരണം പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. ‍സംഭവത്തിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ അധ്യാപകനായ വിജയകുമാർ, സ്‌കൂള്‍ പ്രിന്‍സിപ്പലായ അരുണ്‍കുമാർ എന്നീ നാലുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനും മറ്റ് വകുപ്പുകള്‍ പ്രകാരവും പീലമേട് പൊലീസ് കേസെടുത്തു.

ബീഫ് കഴിക്കുന്നവനാണെന്ന് ആരോപിച്ച് തന്റെ മകനെ അഞ്ച് വിദ്യാര്‍ഥികൾ രണ്ട് മാസം മുമ്പ് ക്ലാസ് മുറിയില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയതായി വിദ്യാര്‍ഥിയുടെ മാതാവ് എ. കൗസല്യാദേവി ആരോപിക്കുന്നു. ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് മാതാവിനോട് പറഞ്ഞാണ് അഖിലൻ വീടുവിട്ടിറങ്ങിയത്. വീട്ടുജോലിക്കാരിയായ അമ്മ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് അഖിലനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്‌കോളര്‍ഷിപ്പിനായി പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ അധ്യാപകൻ വിജയകുമാര്‍ ക്ലാസിൽ വെച്ച് വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. അഖിലൻ ഇതിനായി അപേക്ഷിച്ചിരുന്നു. തുടർന്ന് അധ്യാപകൻ നിങ്ങളിൽ എത്രപേർ ബീഫ് കഴിക്കുന്നവരാണെന്ന് ചോദിച്ചു. മറുപടിയായി അഖിലനും മറ്റ് നാല് പേരും എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. ഇതിനുശേഷം രണ്ട് സഹപാഠികള്‍ ജാതിയുടെ പേരില്‍ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് മാതാവ് പറയുന്നു. ഈ ഉപദ്രവങ്ങളെക്കുറിച്ച് അഖിലൻ പ്രിൻസിപ്പൽ അരുൺകുമാറിനോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നും മാതാവ് ആരോപിക്കുന്നു.

ഭാരതീയ ന്യായ സംഹിതയിലെയും പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *