2026 ഒക്ടോബർ 22 വ്യാഴം
കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. നെടുമ്പാശ്ശേരി മേക്കാട് സൊസൈറ്റി പടി ഭാഗത്ത് ജോബിയെ (45) ആണ് ആലുവ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. എംഎൽഎയെ അധിക്ഷേപിച്ച് ലൈവ് വീഡിയോ ചെയ്യുകയായിരുന്നു പ്രതി. ഇയാൾക്കെതിരെ നെടുമ്പാശ്ശേരി തൊടുപുഴ, ചെങ്ങമനാട് ആലുവ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കവർച്ച കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് എംഎൽഎ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണമായിരുന്നു പ്രകോപനം. കവർച്ച കേസിൽ പിടിയിലായിരുന്ന ജോബി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ‘പിള്ളേരേ വിട്ട് തീർത്ത് കളയു’മെന്നാണ് വീഡിയോയിൽ പറയുന്നത്. പ്രാദേശിക കോൺഗ്രസ് നേതാവിന്‍റെ പരാതിയിലാണ് ജോബിക്കെതിരെ സൈബർ പൊലീസ് കേസെടുത്തത്.
പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ എസ് സുധീഷ് കുമാർ, എ എസ് ഐ സലാവുദീൻ, സീനിയർ സി പി ഒ തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
