Breaking
Wed. Oct 21st, 2026

വീണാ ജോർജിനെ ആക്രമിച്ച കേസ്: ഗൂഢാലോചനയിൽ സിപിഎം നേതാക്കൾക്കെതിരെ നടപടി വേണം; കെഎസ്‌യു നേതാവ് എം.സി അതുൽ

2026 ഒക്ടോബർ 21 ബുധൻ

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‌യു നേതാക്കളെ 16 ദിവസം ജയിലിൽ കിടത്തിയതെന്തിനെന്ന് ചോദിച്ച് കെഎസ്‌യു നേതാവ് എം.സി. അതുൽ. കേസിലെ അന്വേഷണത്തിൽ ഒരു മൊട്ടുസൂചി പോലും കണ്ടെത്താനായിട്ടില്ലെന്നും പിന്നെ എന്തിനാണ് വധശ്രമത്തിന് കേസെടുത്തതെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗൂഢാലോചനയിൽ പങ്കുള്ള സിപിഎം നേതാക്കൾക്കെതിരെ നടപടി വേണമെന്നും അതുൽ ആവശ്യപ്പെട്ടു. മന്ത്രി പറഞ്ഞിട്ടാണ് മൊഴി നൽകിയതെന്ന് ഗൺമാൻ പറഞ്ഞതായും അദ്ദേഹം ആരോപിച്ചു. നാടിന്റെ സമാധാനാന്തരീക്ഷം തകർത്തത് എന്തിനാണെന്നും കേസിൽ പരാമർശിക്കുന്ന മാരകായുധങ്ങൾ എവിടെയാണെന്നും അതുൽ ചോദിച്ചു.

മന്ത്രി മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടന്നാണ് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ആശുപത്രിയിൽ അഡ്മിറ്റാകണമെന്ന് പറഞ്ഞത് എ.എൻ. ഷംസീറാണെന്നും അതുൽ ആരോപിച്ചു. “ഷംസീർ എന്താ ഡോക്ടറാണോ?” എന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയനും മുൻ സ്പീക്കറും ചേർന്ന് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് വീണാ ജോർജ് പെരുമാറിയതെന്നാണ് ഇവരുടെ പ്രധാന വാദം. അന്ന് സംഭവസ്ഥലത്ത് ആദ്യം എത്തിയത് എൻ. ഷംസീർ ആയിരുന്നുവെന്നും, അദ്ദേഹവും ഈ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധസമയത്ത് കെഎസ്‌യു പ്രവർത്തകരുടെ കയ്യിൽ കരിങ്കൊടി മാത്രമാണുണ്ടായിരുന്നത്.

മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു എന്ന് എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും, ഇതുവരെ തെളിവെടുപ്പിലോ പരിശോധനയിലോ ഒരു ആയുധം പോലും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി അഞ്ച് കെഎസ്‌യു പ്രവർത്തകരെ 16 ദിവസം ജയിലിലടയ്ക്കുകയാണ് ചെയ്തത്. നിലവിൽ വീണാ ജോർജിന്റെ ഗൺമാൻ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴികൾ കൂടി രേഖപ്പെടുത്താനുണ്ട്. ഇതിനുശേഷം പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *