Breaking
Wed. Oct 21st, 2026

തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി; തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിപ്പട്ടികയിൽ

2026 ഒക്ടോബർ 21 ബുധൻ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) പരിശോധിച്ച ശേഷമാണ് സർക്കാരിന് സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ സർക്കാർ അനുമതി തേടിയാണ് റിപ്പോർട്ട് കൈമാറിയത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാണിത്. പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചകളാണ് അന്വേഷണ റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം. കലാപാഹ്വാനം, വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുക്കുന്നത്.

എട്ട് ഭാരവാഹികളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും തുടർനടപടികൾ വൈകുന്നതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഏഴ് പേരെ പ്രതിചേർക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിനു പിന്നാലെ കേസിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന ആരോപണങ്ങളും ശക്തമായിരുന്നു. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് രാഷ്ട്രീയ പശ്ചാത്തലമുള്ളതിനാലാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആറുമാസം മുമ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഏഴ് പേരെ പ്രതിചേർക്കാൻ ശുപാർശ ചെയ്തിരുന്നത്.

തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് പൂരം അലങ്കോലപ്പെടാൻ കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നാണ് വിവരം. അതേസമയം, മുൻ എഡിജിപി എം.ആർ അജിത് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലുകളെക്കുറിച്ചും നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ അന്വേഷണ സംഘം എന്താണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് അറിയാനാകൂ. റിപ്പോർട്ട് സർക്കാരിന് കൈമാറിയതോടെ പ്രതികളെ ഔദ്യോഗികമായി ചേർക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ സർക്കാരിന്റെ തീരുമാനം നിർണായകമാകും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *