2026 ഒക്ടോബർ 20 ചൊവ്വ
ദില്ലി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ കസ്റ്റഡിയിൽ വെച്ചിരിക്കുന്ന ദില്ലി പൊലീസിന്റെ നടപടിയെ വിമർശിച്ച് തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. സിജെപി നേതാക്കളുടെ തുടർച്ചയായ ജുഡീഷ്യൽ കസ്റ്റഡി രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്ന് അണ്ണാമലൈ പറഞ്ഞു. ദില്ലി പൊലീസ് നിയമം കൈയിലെടുക്കുകയാണെന്നും പൊലീസിന്റെ ഈ നടപടി യഥാർത്ഥത്തിൽ രാജ്യത്തിന് വലിയ ദ്രോഹമാണ് ചെയ്യുന്നതെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
സിജെപി നടത്തുന്ന ചില പ്രതിഷേധ രീതികളോട് തനിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ടാകാം, എന്നാൽ അവർ ഉന്നയിക്കുന്ന ചോദ്യങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അണ്ണാമലൈ വ്യക്തമാക്കി. ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് സർക്കാരാണ്. എന്നാൽ ഒരു ചെറിയ നിയമലംഘനത്തിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അവരെ കൂടുതൽ ശക്തരാക്കുകയേ ഉള്ളൂവെന്നും അണ്ണാമലൈ വ്യക്തമാക്കി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എസ്‌ഐആർ പ്രക്രിയയെ ചോദ്യം ചെയ്യാൻ പൂർണ അവകാശമുണ്ടെന്നും എന്നാൽ അത് ഭരണഘടനാ സ്ഥാപനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന രീതിയിലാകരുതെന്നും അണ്ണാമലൈ പറഞ്ഞു.
പ്രതിഷേധ വേദിയല്ലാത്ത ജന്തർ മന്ദിറിൽ അതിക്രമിച്ചു കയറി, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി ദില്ലി കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. അഞ്ച് ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിലായിട്ടും തളരാതെ പോരാടുന്ന സൗരവ് ദാസിനെയും അശുതോഷ് രാങ്കയെയും ദീപ്കെ അഭിനന്ദിച്ചു. 26 വയസ്സുകാരനായ സൗരവിനെ ജയിലിലിടാനും വിദ്യാർത്ഥികളെ തെരുവിൽ വലിച്ചിഴയ്ക്കാനും പൊലീസിനെയും കോടതികളെയും മറയാക്കുന്നതാണോ നരേന്ദ്ര മോദിയുടെ കരുത്തെന്ന് ദിപ്കെ ചോദിച്ചു.
