2026 ഒക്ടോബർ 19 തിങ്കൾ
ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും അഗ്നിപരീക്ഷ ഇത്തവണയും തിരഞ്ഞെടുപ്പു രംഗത്ത് ഇന്ത്യൻ വംശജരും ലൊസാഞ്ചലസിന്റെ മേയറാകാൻ കേരളത്തിൽ ജനിച്ച നിത്യ രാമൻ നവംബർ മൂന്ന് – അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നെഞ്ചിടിപ്പുയരുന്ന ദിനം! കാരണം മറ്റൊന്നുമല്ല, അന്നാണ് അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഭരണത്തിന്റെ ഗതിയെ സ്വാധീനിക്കുന്ന ഏറ്റവും നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് എന്താണെന്നും എങ്ങനെയാണ് തിരഞ്ഞെടുപ്പു നടപടികളെന്നും മനസ്സിലാക്കാം … എന്താണ് ഇടക്കാല തിരഞ്ഞെടുപ്പ്? നാലു വർഷമാണ് അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു രണ്ടു വർഷത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇടക്കാല തിരഞ്ഞെടുപ്പ്. ഫെഡറൽ നിയമങ്ങൾ നിർമിക്കുകയും പാസാക്കുകയും ചെയ്യുന്ന അമേരിക്കൻ പാർലമെന്റായ യുഎസ് കോൺഗ്രസിലെ രണ്ടു സഭകളിലേക്കും ഈ തിരഞ്ഞെടുപ്പിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും അംഗങ്ങളെ തിരഞ്ഞെടുക്കും. യുഎസ് കോൺഗ്രസിന്റെ നിർദിഷ്ട നിയമങ്ങൾ അംഗീകരിക്കുന്നതു സെനറ്റ് അംഗങ്ങളാണ്. ഇവരുടെ കാലാവധി ആറു വർഷമാണെങ്കിലും എല്ലാ രണ്ട് വർഷത്തിലും മൂന്നിലൊന്ന് (ഇത്തവണ 35 സീറ്റ്) സെനറ്റർമാരെ തിരഞ്ഞെടുക്കുന്നത് ഇടക്കാല തിരഞ്ഞെടുപ്പിലൂടെയാണ്. ഇതിനുപുറമെ മേയർമാരെയും ഗവർണർമാരെയും തിരഞ്ഞെടുക്കുന്നതും ഈ തിരഞ്ഞെടുപ്പിലാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണ് ഇടക്കാല തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റിന്റെ പാർട്ടിക്കു കോൺഗ്രസിൽ ഭൂരിപക്ഷം നഷ്ടപ്പെടാൻ ഇടക്കാല തിരഞ്ഞെടുപ്പു കാരണമാകാറുണ്ട്. ഇതു പ്രസിഡന്റിനു പിന്നീട് നിയമങ്ങളും നയങ്ങളും നടപ്പിലാക്കാൻ വലിയ വെല്ലുവിളിയായി മാറും. പ്രധാന തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപ് ഓരോ പാർട്ടിയിലും സ്ഥാനാർഥികളെ കണ്ടെത്താൻ പ്രാദേശിക തലത്തിൽ പ്രൈമറി തിരഞ്ഞെടുപ്പുകൾ നടക്കും. നവംബറിൽ രാജ്യവ്യാപകമായി തിരഞ്ഞെടുപ്പു നടക്കുന്നു. പോളിങ് ബൂത്തുകൾ, പോസ്റ്റൽ വഴി വോട്ട് രേഖപ്പെടുത്താം. യുഎസ് കോൺഗ്രസിന്റെ പ്രാധാന്യമെന്താണ് ? അമേരിക്കൻ ഭരണസംവിധാനത്തിലെ ഏറ്റവും നിർണായകമായ നിയമനിർമാണ സഭയാണു യുഎസ് കോൺഗ്രസ്. അമേരിക്കൻ ഫെഡറൽ സർക്കാരിന്റെ മൂന്നു പ്രധാന ഘടകങ്ങളിൽ ഒന്നാണിത് (കോൺഗ്രസ്, പ്രസിഡന്റ്, സുപ്രീം കോടതി ). രാജ്യവ്യാപകമായി ബാധകമായ പുതിയ നിയമങ്ങൾ നിർമിക്കുന്നതും നിലവിലുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതും കോൺഗ്രസാണ്.
പ്രസിഡന്റ് ഒരു നയം മുന്നോട്ടുവച്ചാൽ പോലും, അതിന്മേൽ ചർച്ച നടത്തി ഔദ്യോഗിക നിയമമായി അംഗീകാരം നൽകുന്നതു കോൺഗ്രസ് ആണ്. അമേരിക്കൻ സർക്കാരിന്റെ ബജറ്റ്, നികുതി പിരിവ്, രാജ്യത്തിന്റെ ചെലവുകൾ എന്നിവ അംഗീകരിക്കുന്നതു കോൺഗ്രസാണ്. സർക്കാരിനു പ്രവർത്തിക്കാനുള്ള ഫണ്ട് ഇവരുടെ അനുവാദത്തോടെ മാത്രമാണ് അനുവദിക്കുക. അമേരിക്കൻ പ്രസിഡന്റിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും കോൺഗ്രസിന് അധികാരമുണ്ട്. ഒരു രാജ്യത്തിനെതിരെ അമേരിക്കയ്ക്കു യുദ്ധം പ്രഖ്യാപിക്കാനുള്ള ഏക അധികാരവും യുഎസ് കോൺഗ്രസിനാണ്. അമേരിക്കൻ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് പ്രസിഡന്റ് ആണെങ്കിലും, യുദ്ധം തുടങ്ങണമെങ്കിൽ കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. ജനപ്രതിനിധി സഭ, സെനറ്റ് എന്നീ രണ്ട് സഭകൾ ചേർന്നതാണ് യുഎസ് കോൺഗ്രസ്. നിലവിൽ യുഎസ് കോൺഗ്രസിൽ മേൽക്കൈ ആർക്ക്? നിലവിൽ ഹൗസും സെനറ്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈകളിലാണെങ്കിലും അവരുടെ ഭൂരിപക്ഷം വളരെ കുറവാണ്. ജനപ്രതിനിധി സഭയിൽ 218 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷം നേടാൻ മാത്രമേ റിപ്പബ്ലിക്കൻ പാർട്ടിക്കു സാധിച്ചിട്ടുള്ളതെന്നു സാരം. 214 സീറ്റിൽ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളും ഒരു സ്വതന്ത്രനുമാണു നിലവിൽ ഹൗസിലുള്ളത്. രണ്ടു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സെനറ്റിൽ ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു 53 സീറ്റുകളാണുള്ളത്. ഇവിടെയും റിപ്പബ്ലിക്കൻ പാർട്ടി കഷ്ടിച്ചു രക്ഷപ്പെട്ടെന്നു വിലയിരുത്താം. ഡെമോക്രാറ്റുകൾ 51 സീറ്റുകൾ നേടിയാൽ മാത്രമേ സെനറ്റിലെ ഭൂരിപക്ഷം മാറുകയുള്ളൂ. ഇരുവിഭാഗങ്ങൾക്കും 50 സീറ്റുകൾ വീതം ലഭിക്കുകയാണെങ്കിൽ, റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള വൈസ് പ്രസിഡന്റിന്റെ ടൈ – ബ്രേക്കിങ് വോട്ട് മറികടക്കാൻ ഈ 51 സീറ്റുകൾ ആവശ്യമാണ്. ഡെമോക്രാറ്റുകൾ ഏതെങ്കിലുമൊരു ഒരു സഭയിൽ മേൽക്കൈ നേടിയാൽ നിയമങ്ങൾ സഭയിൽ അവതരിപ്പിക്കാനുള്ള അധികാരം അവർക്കായിരിക്കും. ഇരു പാർട്ടികൾക്കും വിജയം ഉറപ്പുള്ള സീറ്റുകളുമുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കും അമേരിക്കയുടെ 48–ാമത് പ്രസിഡന്റിനെ 2028ൽ തിരഞ്ഞെടുക്കും. അതുവരെ ട്രംപ് ‘സേഫ്’ അല്ലേ എന്നു കരുതിയാൽ തെറ്റി! യുഎസ് കോൺഗ്രസിലെ ഓരോ സീറ്റും ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും സുപ്രധാനമാണ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനു സ്ഥാനമില്ലെങ്കിലും ജനങ്ങൾ വിലയിരുത്തുന്നതും വിലയിടുന്നതും ട്രംപിന്റെ ചെയ്തികൾക്കാണ്.
