Breaking
Sun. Oct 18th, 2026

കിഫ്‌ബിയെ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സിപിഎം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രമേയം, വലിയ പ്രതിഷേധം ഉയരണമെന്നും ആഹ്വാനം

2026 ഒക്ടോബർ 18 ഞായർ

കണ്ണൂർ: കിഫ്‌ബിയെ അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിൽ പ്രമേയം. കിഫ്‌ബിയെ മുഖ്യമന്ത്രി വി ഡി സതീശൻ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രമേയത്തിലെ വിമർശനം. എല്ലാ പ്രദേശങ്ങളുടെയും വികസനം മുന്നോട്ട് നയിക്കേണ്ട മുഖ്യമന്ത്രി സങ്കുചിത പ്രചാര വേല നടത്തി കണ്ണൂരിനെ ഇകഴ്ത്തുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കിഫ്‌ബിയിൽ വിവാദം ഉണ്ടാക്കുന്നത് രാഷ്ട്രീയ വൈകല്യമാണ്. കിഫ്‌ബി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും പ്രമേയത്തിൽ ആഹ്വാനമുണ്ട്. അതേ സമയം രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. പയ്യന്നൂരിലേയും തളിപ്പറമ്പിലേയും തോല്‍വിയില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുയരുമെന്നാണ് സൂചന. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം, ഹലാല്‍ ഫായിദാ ക്രമക്കേട് ആരോപണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും. പിണറായി വിജയന്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്ന യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുമോയെന്നതാണ് പ്രധാന ചോദ്യം.

കണ്ണൂരിന് എന്താ കുഴപ്പം

അതേസമയം കിഫ്ബിയുടെ പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വം ഉണ്ടായെന്നും വന്‍വില നല്‍കി ഭൂമി ഏറ്റെടുത്തതേറെയും കണ്ണൂര്‍ ജില്ലയിലെന്നുമുളള വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കണ്ണൂർ എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് വല്ലാത്ത വിഷമമെന്ന് ചോദിച്ച പിണറായി, ഭൂമി ഏറ്റെടുക്കല്‍ ഭാവിയെ മുന്‍കൂട്ടി കണ്ടായിരുന്നു എന്നും പറഞ്ഞു. കണ്ണൂരില്‍ സി പി എം വിശാല ജില്ലാ സമിതി ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു പിണറായിയുടെ വിമർശനം. കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോൾ എന്തിന് ഇത്ര അസ്വസ്ഥയെന്നും കണ്ണൂർ എന്താ കേരളത്തിന്‍റെ ഭാഗമല്ലേ എന്നും പിണറായി ചോദിച്ചു. കിഫ്ബി പദ്ധതികള്‍ക്കായി ഒരു ലക്ഷം കോടിയാണ് സംസ്ഥാനത്ത് വകയിരുത്തിയത്. നാൽപതിനായിരം കോടിയുടെ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മെട്രോ എറണാകുളത്ത് വന്നപ്പോൾ അത് അവിടെയാണ് എന്ന് ആരെങ്കിലും ചിന്തിച്ചോ എന്ന് ചോദിച്ച പിണറായി, സ്മാർട്ട് സിറ്റി വന്നതും എറണാകുളത്ത് അല്ലേ എന്നും ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ കോടികള്‍ ചെലവിട്ട് ഏറ്റെടുത്ത ഭൂമിയില്‍ കാട് കയറി കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും രൂക്ഷമായാണ് പ്രതികരിച്ചത്. കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ എന്നായിരുന്നു ഇ പിയുടെ ചോദ്യം. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലെ കാടെല്ലാം വികസനം വരുമ്പോള്‍ പോകുമല്ലോ എന്നും ഇ പി കൂട്ടിച്ചേർത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *