Breaking
Sat. Oct 17th, 2026

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം; തീരുവകളില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്

2026 ഒക്ടോബർ 17 ശനി

വാഷിങ്ടന്‍: റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ ചുമത്താനിരുന്ന കനത്ത തീരുവയ്ക്കും ഉപരോധങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇളവ് പ്രഖ്യാപിച്ചു. പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് റഷ്യന്‍ എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് ആശ്വാസം നല്‍കിയിരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജ ഇറക്കുമതിക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ സാധ്യതയുണ്ടായിരുന്ന നിയമത്തിലെ വ്യവസ്ഥകളാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്. ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഈ തീരുമാനം വലിയ സാമ്പത്തിക ആശ്വാസമാകും. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കുമേല്‍ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ പകുതിയോടെയാണ് ‘ലിന്‍ഡ്സി ഒ ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്റ്റ് ഓഫ് 2026’ എന്ന നിയമം നിലവില്‍ വന്നത്.

റഷ്യന്‍ ഊര്‍ജ്ജത്തിന്റെ പ്രധാന ഇറക്കുമതിക്കാരെയും ഉപരോധ ലംഘനങ്ങളെ സഹായിക്കുന്ന രാജ്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ നിയമം. എന്നാല്‍, യുഎസിലെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിലെ പെട്രോള്‍, ഡീസല്‍ വിലക്കയറ്റം തടയുന്നതിനുമായി ട്രംപ് ഈ നിയമത്തിലെ ഇളവ് വ്യവസ്ഥ ഉപയോഗിക്കുകയായിരുന്നു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര ഇന്ധനവില പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണലഭ്യത ഉറപ്പാക്കുന്നതിനായി റഷ്യക്ക് ദശലക്ഷക്കണക്കിന് ടണ്‍ ഡീസല്‍ കയറ്റി അയക്കാന്‍ അനുവാദം നല്‍കുന്ന വിധത്തില്‍ ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്.

വ്യാപാര ഉപരോധങ്ങള്‍ ഇളവുചെയ്തത് ഇന്ത്യയ്ക്കും ചൈനക്കും ഗുണം ചെയ്യുമെങ്കിലും, വാഷിങ്ടനില്‍ ഈ തീരുമാനത്തിനെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് റഷ്യയുടെ യുദ്ധകാല സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ഒരു വിഭാഗം എംപിമാരുടെ വാദം. യുക്രെയ്‌നിലെ സ്ഥിതിഗതികളും ആഗോള ഊര്‍ജ്ജ വിപണിയുടെ സുസ്ഥിരതയും കണക്കിലെടുത്ത് ഭാവിയില്‍ ഉപരോധങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം യുഎസ് ഭരണകൂടം നിലനിര്‍ത്തിയിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *