മൺസൂൺ മഴയിലുണ്ടായ കുറവ് കേരളത്തിൽ കർക്കിടക മാസത്തിൽ പോലും പവർക്കട്ടിനാണ് വഴിവച്ചത്. എന്നാൽ, ഇത് വെറുമൊരു പവർക്കട്ടിൽ തീരില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ തെക്ക് പടിഞ്ഞാറാൻ മൺസൂൺ പിൻവാങ്ങാൻ ആരംഭിച്ചതോടെ രാജ്യത്തിന്‍റെ പകുതിയിലേറെ പ്രദേശത്തെയും കാത്തിരിക്കുന്നത് കടുത്ത വരൾച്ചയാണെന്ന് റിപ്പോർട്ട് പറയുന്നു. സെപ്റ്റംബർ 16 -ലെ ഐഐടി ഗാന്ധിനഗറിന്‍റെ ഇന്ത്യ ഡ്രോട്ട് മോണിറ്റർ കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ 52.5 ശതമാനം പ്രദേശത്തും വരൾച്ചാ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പറയുന്നു. ഒരു മാസം മുമ്പ് ഇത് 38.9 ശതമാനമായിരുന്നു. ഒറ്റ മാസത്തിനിടെ 13.6 ശതമാനത്തിന്‍റെ വർദ്ധനവ്!
വരാനിരിക്കുന്നത് കടുത്ത വേനൽ
2015 – 16 കാലത്തെ വരൾച്ചയേക്കാൾ രൂക്ഷമായ ഒരു വരൾച്ചാ കാലമാണ് 2026 -27 -ൽ ഇന്ത്യക്കാരെ കാത്തിരിക്കുന്നതെന്ന് ഐഐടി ബോംബെയിലെ കാലാവസ്ഥാ പഠനകേന്ദ്രത്തിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായ മഴയ്ക്ക് പകരം ഇടവിട്ട് പെയ്യുന്ന മഴയും മഴകൾക്കിടെയിലെ ദീർഘമായ വരണ്ട ഇടവേളകളുമായിരുന്നു ഇത്തവണത്തെ മൺസൂണിന്‍റെ പ്രത്യേകത. ആന്ധ്രപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, വടക്കൻ കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ആഴ്ചകളോളം വരണ്ട കാലാവസ്ഥ നിലനിന്നു.
