ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെ ട്രോഫി സ്വീകരണ ചടങ്ങിൽ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉദാത്ത മാതൃകയുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. പരമ്പര ട്രോഫി സമ്മാനിക്കാൻ ശ്രേയസിനെ വേദിയിലേക്ക് വിളിച്ചപ്പോൾ കപ്പ് ഒരുമിച്ച് ഏറ്റുവാങ്ങാൻ പരമ്പര തോറ്റ അഫ്ഗാൻ ടീമിന്റെ നായകൻ ഉബ്രാഹിം സാദ്രാനേയും അയ്യർ വേദിയിലേക്ക് വിളിച്ചു. ഇരുവരും ചേർന്നാണ് കപ്പുയർത്തിയത്. വിജയ ശേഷം നടന്ന ആഘോഷങ്ങളിൽ അഫ്ഗാൻ താരങ്ങളെ പങ്കെടുപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു. ട്രോഫിയുമായുള്ള ഇന്ത്യൻ ടീമിന്റെ ഫോട്ടോയിലും നടുവിൽ നിൽക്കുന്നത് അഫ്ഗാൻ നായകൻ തന്നെ!
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിനാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന പോരാട്ടത്തിൽ കൂറ്റൻ ജയം. ഇന്ത്യ 221 റൺസ് അടിച്ചെടുത്തപ്പോൾ അഫ്ഗാന്റെ പോരാട്ടം വെറും 94 റൺസിൽ അവസാനിപ്പിച്ചു. 14.1 ഓവർ മാത്രമാണ് ഇന്ത്യക്ക് പന്തെറിയേണ്ടി വന്നത്. ജയം 127 റൺസിന്.
2018ൽ ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് അഫ്ഗാനിസ്ഥാൻ അവരുടെ കന്നി ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ കളിച്ചത്. അന്ന് അജിൻക്യ രഹാനെയാണ് ഇന്ത്യൻ ക്യാപ്റ്റൻ. ടെസ്റ്റ് വിജയിച്ച് ഇന്ത്യ ട്രോഫി സ്വന്തമാക്കി. പിന്നാലെ ട്രോഫിയുമായി നിൽക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ഫോട്ടോയ്ക്ക് ഒന്നിച്ചു നിൽക്കാൻ രഹാനെ അന്ന് അഫ്ഗാൻ ടീമിനോട് ആവശ്യപ്പെട്ടിരുന്നു. സമാന ആദരമാണ് ശ്രേയസും നൽകിയത്.
