Breaking
Thu. Sep 10th, 2026

ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍

ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളില്‍ പിടിയിലാകുന്ന ലഹരി കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയല്‍ കോട്ടൂരിലും വാണിജ്യ അളവില്‍ എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് നടത്തിയ തുടരന്വേഷണത്തിലാണ് ഇവര്‍ക്ക് ലഹരി കൈമാറിയവരെയും പിടികൂടിയത്. തൃശൂര്‍, ചേലക്കര അന്ത്രോട്ടില്‍ വീട്ടില്‍ എ.കെ ധനൂപ് (27), ബത്തേരി, പള്ളിക്കണ്ടി, കല്ലുവയല്‍, ജാസിം അലി (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്‌കൂട്ടറിന്റെ വൈസറിനുള്ളില്‍ സഞ്ചിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17.188 ഗ്രാം എംഡിഎംഎ യുമായി 27.07.2026 ന് മുത്തങ്ങയില്‍ വെച്ച് കോഴിക്കോട്, രാമനാട്ടുകര, തയ്യില്‍ വീട്ടില്‍ കെ ഫഹദ് (25)നെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇതിന്റെ തുടന്വേഷണത്തിലാണ് ഇയാള്‍ക്ക് ലഹരി കൈമാറിയ എ.കെ ധനൂപ് (27) നെ ബാംഗ്ലൂരിലെ ഫ്‌ലാറ്റില്‍ നിന്നും 08.09.2026 ന് പോലീസ് പിടികൂടിയത്.

20.07.2026 ന് അമ്പലവയല്‍ സ്‌റ്റേഷന്‍ പരിധിയിലെ കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാലി(35)നെ 124.39 ഗ്രാം എം ഡി എം എയുമായി പിടികൂടിയ സംഭവത്തിലാണ് എം.ഡി.എം.എ കൈമാറിയ ബത്തേരി, പള്ളിക്കണ്ടി, കല്ലുവയല്‍, ജാസിം അലി (30)യെ 09.09.2026 ന് വൈകീട്ട് ബത്തേരിയില്‍ വച്ച് അമ്പലവയല്‍ പോലീസ് പിടികൂടിയത്.

ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ മേല്‍നോട്ടത്തില്‍ ബത്തേരി സ്‌റ്റേഷന്‍ എസ്.എച്ച്.ഓ കെ.എസ് അജേഷിന്റെയും അമ്പലവയല്‍ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജെസ്വിന്‍ ജോയിയുടെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്‌റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നിയമനടപടികളും പോലീസ് സ്വീകരിച്ചു വരികയാണ്. പ്രത്യേക പരിശീലനം ലഭിച്ച നാര്‍ക്കോട്ടിക് സ്‌നിഫര്‍ ഡോഗുമായി പോലീസ് ഡോഗ് സ്‌ക്വാഡും, പോലീസ് ഡ്രോണും പരിശോധനയില്‍ സജീവമാണ്. സമൂഹത്തില്‍ ലഹരി ഇല്ലായ്മ ചെയ്യുന്നതിനായി ഓപ്പറേഷന്‍ തൂഫാനില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസിന് പങ്കുവെക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *