Breaking
Fri. Sep 4th, 2026

പടിഞ്ഞാറത്തറയിലും പനമരത്തും കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച;പ്രതികളെ കർണാടകയിൽ നിന്ന് പൊക്കി പോലീസ്

പടിഞ്ഞാറത്തറ: ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്. തരുവണ, മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45), പീച്ചങ്കോട്, കാളിയാർ വീട്ടിൽ സൈദുള്ള ( 36), എന്നിവരെയാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് (SAGOC) വ്യാഴാഴ്ച സാഹസികമായി പിടികൂടിയത്. ഇവർ പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിത കവർച്ച നടത്തി ഭീതി പടർത്തി കർണാടകയിലേക്ക് മുങ്ങുകയായിരുന്നു. ഇവർക്കെതിരെ പനമരം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുഹമ്മദ് ബഷീറിന് എൻ.ഡി.പി.എസ്, അബ്കാരി കേസുകളടക്കം മാനന്തവാടി, കൽപ്പറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിലടക്കം എട്ടോളം കേസുകൾ നിലവിലുണ്ട്. സൈദുള്ളക്ക് കൽപ്പറ്റ സ്റ്റേഷനിലും കേസുണ്ട്.

31.08.2026 തീയതി ഉച്ചയോടെ പടിഞ്ഞാറത്തറ നായ്മൂല ബീവറേജിന് സമീപത്ത് വെച്ചാണ് ഇവർ ആദ്യ കവർച്ച നടത്തിയത് കാറിലെത്തിയ സംഘം ലോട്ടറി വിൽപ്പനക്കാരനായ ബിജോയിയിൽ നിന്ന് ലോട്ടറി വാങ്ങി, പണം നൽകാമെന്ന വ്യാജേന കാറിൽ വിളിച്ചുകയറ്റുകയും കാറിൽ തട്ടിക്കൊണ്ടു പോയി മർദിക്കുകയും ചെയ്തു. ഷർട്ട് വലിച്ചുകീറി, കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും ടിക്കറ്റുകളും കവരുകയുമായിരുന്നു.

അന്ന് തന്നെ വൈകീട്ട് പനമരത്ത് വെച്ചും ഇവർ കവർച്ച നടത്തി. നടവയൽ സ്വദേശിയെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി മർദ്ദിച്ച് പണവും മദ്യവും തട്ടിയെടുത്ത് വഴിയിൽ തള്ളുകയായിരുന്നു. ഇത് കഴിഞ്ഞ് രാത്രിയോടെ കൽപ്പറ്റ ബിവറേജ് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഇരുവരെയും കൽപ്പറ്റ പോലീസ് കരുതൽ അറസ്റ്റ് ചെയ്ത് വിട്ടിരുന്നു. പിന്നീട് തട്ടിപ്പിനിരയായവർ പരാതിയുമായി അതത് സ്റ്റേഷനുകളിലെത്തുകയും പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ പി എസ്, മാനന്തവാടി എ എസ് പി കാർത്തിക് ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ ബിജു വർഗീസിന്റെ നേതൃത്വത്തിൽ ശാലു ഫ്രാൻസിസ്, കെ.കെ. വിപിൻ, ശ്രീജേഷ്, അബ്ദുൽ വാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *